covid

വാഷിംഗ്ടൺ ഡി.സി: ലോകത്താകെ കൊവിഡ് മരണം 2.7 ലക്ഷവും ഉം രോഗബാധിതരുടെ എണ്ണം 39 ലക്ഷവും കവിഞ്ഞു. 13,43,054 പേർ ഇതുവരെ രോഗമുക്തി നേടി. അമേരിക്കയിലും ബ്രിട്ടനിലുമാണ് വ്യാപനം കുതിച്ചുയരുന്നത്. കൊവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും ലോകത്ത് രണ്ടാമതാണ് ബ്രിട്ടൻ. മരണം 30,000 കടന്നു. 2.07ലക്ഷത്തിലധികം പേർ ചികിത്സയിലാണ്. ദിനംപ്രതി മരണം ഇപ്പോഴും 600ന് മുകളിലാണ്. അതിനിടെ, പല ഘട്ടങ്ങളിലായി അടുത്തയാഴ്ച മുതൽ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്.

അമേരിക്കയിൽ മരണം 76000 കടന്നു. രോഗബാധിതരുടെ എണ്ണം 12,92,623 ആയി. രാജ്യത്ത് അതീവ ഗുരുതരാവസ്ഥ തുടരുന്നതിനിടയിലും ലോക്ഡൗൺ നിയന്ത്രണങ്ങൾ എടുത്തു നീക്കുന്നതിനൽ ഉറച്ചു നിൽക്കുകയാണ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഈ നടപടിയോട് പല സംസ്ഥാനങ്ങൾക്കും എതിർപ്പുണ്ട്. കൊവിഡ് ടാസ്ക് ഫോഴ്സും ഈ മാസം അവസാനം പ്രവർത്തനം അവസാനിപ്പിക്കും.

അതേസമയം, രോഗബാധിതരുടെ എണ്ണത്തിൽ റഷ്യ ജർമ്മനിയെയും ഫ്രാൻസിനെയും മറികടന്നു. ഇതുവരെ 1.87 ലക്ഷം പേർക്ക് രാജ്യത്ത് കൊവിഡ് സ്ഥികരീകരിച്ചു. ഇന്നലെ മാത്രം 10699 പേർക്കാണ് രോഗം പിടിപ്പെട്ടത്. രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നുണ്ടെങ്കിലും രാജ്യത്ത് മരണനിരക്ക് കുറവാണ്. ആകെ മരണം 1723. ഇന്നലെ മാത്രം 98 പേർ മരിച്ചു. റഷ്യയിലെ ആശുപത്രികളിൽ മതിയായ മാസ്ക് പോലും ധരിക്കാതെയാണ് ആരോഗ്യപ്രവർത്തകർ കൊവിഡ് രോഗികളെ പരിചരിക്കുന്നതെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.

ബ്രസീലിൽ രോഗബാധിതരുടെ എണ്ണം 135,773 ഉം മരണം 9190ത്തിലും എത്തി. കൊവിഡ് പ്രതിരോധ നടപടികൾക്ക് എതിരെ നിൽക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിൽ വിമുഖത കാട്ടുകയും ചെയ്യുന്ന പ്രസിഡൻ്റ് ജെയർ ബൊൽസൊനാരോയ്ക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാവുകയാണ്.

 പാകിസ്ഥാനിൽ ഇന്ന് മുതൽ ലോക്‌ഡൗൺ ഇളവുകൾ.

 കൊവിഡ് വാക്സിൻ, പ്രതിരോധനടപടികൾ എന്നിവയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ജപ്പാൻ പ്രസിഡൻ്റ് ഷിൻസോ ആബേയും അറിയിച്ചു.

 അഫ്ഗാനിസ്ഥാൻ ആരോഗ്യമന്ത്രി ഫെറോസുദ്ദീൻ ഫെറോസിന് കൊവിഡ്.

 ഹോംങ്കോംഗിൽ ബാറുകൾ, ജിമ്മുകൾ, തിയേറ്ററുകൾ എന്നിവ തുറന്നു.

ചൈനയിൽ പുതുതായി ഒരു കേസ് റിപ്പോർട്ട് ചെയ്തു.