luciana-lira

വാഷിംഗ്ടൺ ഡി.സി: പ്രസവ വേദനയേക്കാൾ തങ്ങളെ സഹായിക്കാൻ ആരുമില്ലെന്ന വിഷമമായിരുന്നു സള്ളിയെന്ന ഗ്വാട്ടിമലക്കാരി യുവതിയെ വലച്ചത്. ഇംഗ്ലീഷ് അറിയാത്ത ഭർത്താവ് മർവിന് അമേരിക്കക്കാരായ ആശുപത്രി അധികൃതരോട് സംസാരിക്കാനാവുന്നില്ല. കൂടെ ഒന്നുമറിയാത്ത ഏഴ് വയസുകാരൻ മകനും. ഇതിൻ്റെയെല്ലാമിടയ്ക്ക് അശനിപാതം പോലും കൊവിഡ് രോഗലക്ഷണങ്ങളും സള്ളിയെ ബുദ്ധിമുട്ടിച്ചിരുന്നു. സഹായത്തിനായി പല മുഖങ്ങളും മനസിൽ തെളിഞ്ഞെങ്കിലും തങ്ങി നിന്നത് മകൻ്റെ ഇംഗ്ലീഷ് ടീച്ചറായ ലൂസിയാന ലിറയുടേതാണ്. തങ്ങളുടെ അവസ്ഥ ഫോണിലൂടെ വിവരിച്ച ഉടനെ മാലാഖയെപ്പോലെ അവർ ഓടിയെത്തി. ഡോക്ടർമാരോട് സംസാരിക്കാൻ മർവിനെ സഹായിച്ചു. അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്തു. ഇതിനിടെ ഒരു നെയ്സൽ എന്ന ഓമനക്കുഞ്ഞിനെ സള്ളി പ്രസവിച്ചു.

 ‌കുഞ്ഞുമാലാഖയ്ക‌ക്കൊരു കൈതാങ്ങ്

സള്ളിയ്ക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചതോടെ കുഞ്ഞിനെ നോക്കാനാരുമില്ലാതായി. കുട്ടിയ്ക്ക് കൊവിഡ് ബാധിച്ചിരുന്നുമില്ല. തൻ്റെ കുഞ്ഞിനെ നോക്കാമോയെന്ന് കണ്ണീരുവറ്റിയ മുഖവുമായി സള്ളി ആവശ്യപ്പെട്ടപ്പോൾ നിരാകരിക്കാനായില്ല ലിറയ്ക്ക്. കുട്ടിയുടെ ടീച്ചറാണ്, ഒരു വർഷം മാത്രമാണ് പരിചയം. പക്ഷെ സമ്മതം മൂളാൻ ലിറയ്ക്ക് ഇതൊന്നും തടസമായില്ല. ഇപ്പോൾ ഒരു മാസമാകുന്നു നെയ്സൽ ലിറ ടീച്ചറിൻ്റെ സംരക്ഷണത്തിലായിട്ട്.

സുള്ളിയും കുടുംബവും ഇപ്പോഴും ചികിത്സയിലാണ്. കാലമെത്ര കഴിഞ്ഞാലും, രോഗം ഭേദമായി എല്ലാം സാധാരണനിലയിലാവുന്നതുവരെ നെയ്‌സലിനെ നോക്കിക്കോളാമെന്ന് ലിറ ഉറപ്പ് നൽകിയിട്ടുണ്ട്. ഗുരതാവസ്ഥ പിന്നിട്ടതിനാൽ വീഡിയോ കോളിലൂടെ കുഞ്ഞിനെ കാണാനും വിശേഷങ്ങൾ തിരക്കാനും സള്ളിയ്ക്കാവുന്നുണ്ട്.

അത്യധികം സന്തോഷം. പേരൻ്റ്സ് - ടീച്ചർ മീറ്റിംഗിൽ കണ്ട പരിചയം മാത്രമാണ് എനിയ്ക്ക് സള്ളിയുമായുള്ളത്. പക്ഷെ പെട്ടന്നൊരു ആവശ്യം വന്നപ്പോള്‍ അവർ എന്നെ വിളിച്ചു. അവർക്ക് എന്നിലുള്ള വിശ്വാസമാണല്ലോ അത്. രോഗം പെട്ടെന്ന്‌ ഭേദമായി അമ്മയ്ക്കും കുഞ്ഞിനും കൂടിച്ചേരാന്‍ സാധിക്കട്ടെ - നന്മ വറ്റാത്ത മുഖവുമായി ലിറ ടീച്ചർ പറഞ്ഞു നിറുത്തി.