കൊല്ലം : കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന ഭക്ഷ്യയോഗ്യമല്ലാത്ത എട്ടുടൺ മത്സ്യം ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടി. കൊല്ലം ജില്ലാ അതിർത്തിയായ ഓച്ചിറയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഗോവ രജിസ്ട്രേഷൻ ലോറിയിലെത്തിച്ച ചീഞ്ഞ മത്സ്യം പിടിച്ചെടുത്തത്. ചൂര, സിഡി കാരൽ, മങ്കട എന്നീ മത്സ്യങ്ങളാണ് പിടിച്ചത്. ലോറി ഓടിച്ചിരുന്ന കർണാടക സ്വദേശി മുഹമ്മദ് ഹാഷിം, സഹായി ബദർ എന്നിവരെ ഭക്ഷ്യസുരക്ഷാ വിഭാഗം പൊലീസിന് കൈമാറി. ഇവരെ കൊവിഡ് ക്വാറന്റൈൽ കേന്ദ്രത്തിലാക്കി.
പ്ളാസ്റ്റിക് ബോക്സുകളിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ മത്സ്യം ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്ത് കുഴിച്ചുമൂടി. ആറ്റിങ്ങൽ ആലംകോട് ഭാഗത്തേക്ക് വിതരണത്തിനായി കൊണ്ടുപോകുകയായിരുന്നു മത്സ്യമെന്നാണ്ന ലോറിയിലുണ്ടായിരുന്നവർ പൊലീസിനോട് പറഞ്ഞത്. കൊവിഡ് നിയന്ത്രണങ്ങളും അതിർത്തികളിൽ കർശന പരിശോധനയുമുണ്ടായിട്ടും മംഗലാപുരം, തൂത്തുക്കുടി ഭാഗങ്ങളിൽ നിന്ന് ടൺ കണക്കിന് പഴകിയ മത്സ്യമാണ് മാർക്കറ്റുകളിലേക്ക് എത്തുന്നത്. ചെക്ക് പോസ്റ്റുകളിലെയും മറ്റ് ജില്ലകളിലുമുള്ള ഉദ്യോഗസ്ഥരെ സ്വാധീനിച്ചും അവരുടെ കണ്ണ് വെട്ടിച്ചുമാണ് അയൽസംസ്ഥാനങ്ങളിൽ നിന്ന് വാഹനങ്ങളിൽ മത്സ്യം കടത്തുന്നത്.