covid-in-australia

കാൻബറ: കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ആസ്ട്രേലിയ. ദേശീയ മന്ത്രിസഭ ഇക്കാര്യം ചർച്ച ചെയ്തു. മൂന്ന് ഘട്ടങ്ങളായി നിയന്ത്രണങ്ങൾ നീക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ അറിയിച്ചു. ഇതിൻ പ്രകാരം ജൂലായ് ആകുമ്പോഴേക്കും സമ്പദ് വ്യവസ്ഥ പൂർണമായും തുറക്കാനാവും. സംസ്ഥാനങ്ങളിലേയും പ്രവിശ്യകളിലേയും നേതാക്കളുമായി മോറിസൻ ഇന്നലെ ചർച്ച നടത്തി.

നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള സമയക്രമം മന്ത്രിസഭ ചേർന്ന് തീരുമാനിക്കുമെന്ന് ആരോഗ്യമന്ത്രി ഗ്രേഗ് ഹണ്ട് പ്രതികരിച്ചു. കൊവിഡ് രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയെ വിനാശകരമായി ബാധിച്ചിട്ടുണ്ട്. 30 വർഷത്തിനിടെയുള്ള ആദ്യ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് രാജ്യം പ്രവേശിച്ചിരിക്കുന്നത്. ഈ വർഷം ജി.ഡി.പിയിൽ ആറ് ശതമാനം ഇടിവുണ്ടാകുമെന്നും തൊഴിലില്ലായ്മ 10 ശതമാനത്തിൽ എത്തുമെന്നും ആസ്‌ട്രേലിയൻ റിസർവ് ബാങ്ക് കണക്കാക്കുന്നു.

മാർച്ചിലാണ് രാജ്യത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നിലവിൽ കൊവിഡ് വ്യാപനം രാജ്യത്ത് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ദിവസം ഇരുപതിൽ താഴെ മാത്രമാണ് രാജ്യത്ത് പുതിയ രോഗികൾ.