social-distancing

റിയാദ്: സൗദിയിൽ കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്ന കൂട്ടംചേരലുകൾ തടയുന്ന നിയമാവലിക്ക് ആഭ്യന്തരമന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ അംഗീകാരം നൽകി. കൊവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ,​ പ്രതിരോധ നടപടികൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷകൾ എന്നിവ ചൊവ്വാഴ്ച ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് കൂട്ടംചേരലുകൾ തടയുന്ന നിയമാവലി ആഭ്യന്തരമന്ത്രാലയം അംഗീകരിച്ചത്.

രാജ്യത്ത് അനുദിനം കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് ഇത് തടയുന്നതിനുള്ള കർശന നീക്കങ്ങൾ ആരംഭിച്ചിട്ടുള്ളത്. ഒന്നിലധികം കുടുംബങ്ങൾ ഒത്തുചേരുന്നതും ഒരേ സ്ഥലത്തെ താമസക്കാരല്ലാത്ത അഞ്ചിലധികം പേർ ഒരിടത്ത് കൂട്ടംചേരുന്നതും നിയമാവലി കർശനമായി വിലക്കുന്നു. ഒത്തുചേരലുകളിൽ പങ്കെടുക്കുന്നവരെയും ഇതിന് ക്ഷണിച്ചവരെയും ഇതിന് കാരണക്കാരായവരെയും ഒരുപോലെ നിയമലംഘകരായി കണക്കാക്കും. 10000 റിയാൽ,​ 15000 റിയാൽ,​30000 റിയാൽ എന്നിങ്ങനെയായിരിക്കും നിയമം ലംഘിക്കുന്നവർക്കുള്ള പിഴത്തുക.

അതേസമയം,​ സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 219 ആയി. 33,731 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഖത്തറിൽ 918 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 18, 890 ആയി. 12 പേരാണ് ഇവിടെ ഇവതുവരെ മരിച്ചിട്ടുള്ളത്. യു.എ.ഇയിലെ ആകെ രോഗബാധിതരുടെ എണ്ണം 16, 240 ആയി.