ബീജിംഗ്: കൊവിഡിനെ നിയന്ത്രണവിധേയമാക്കുന്നതിൽ ചൈന നേടിയ വിജയത്തെ പ്രശംസിച്ച് ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ ചൈനീസ് പ്രസിഡൻ്റ് ഷി ജിന്‍പിംഗിന് കത്തയച്ചെന്ന് ഉത്തര കൊറിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഭിനന്ദനം അർഹിക്കുന്നു, അഭൂതപൂര്‍വമായ പകര്‍ച്ചവ്യാധിക്കെതിരായ യുദ്ധത്തിൽ വിജയിക്കാനായത് വളരെ വിലമതിക്കുന്ന വിഷയമാണ് - കിം കത്തിൽ കുറിച്ചു
കൊവിഡ് മഹാമാരി ഉത്തരകൊറിയയുടെ സമ്പദ് വ്യവസ്ഥയെ തകർക്കുന്നുവെന്ന ദക്ഷിണകൊറിയൻ ചാര സംഘടനയുടെ വിലയിരുത്തലിന് പിന്നാലെയാണ് ഉത്തരകൊറിയൻ മാദ്ധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അന്താരാഷ്ട്ര ഉപരോധങ്ങളും നയപരമായ പരാജയങ്ങളും നേരത്തെ തന്നെ തകർത്ത ഉത്തരകൊറിയൻ സമ്പദ് വ്യവസ്ഥ കൊവിഡ് വന്നതോടെ കൂടുതൽ തകര്‍ച്ചയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉത്തരകൊറിയയുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യവും സാമ്പത്തിക ഉറവിടവുമാണ് ചൈന. രാജ്യത്തിൻ്റെ ബാഹ്യവ്യാപരത്തിൻ്റെ 90 ശതമാനവും ചൈനയുമായിട്ടാണ്. കൊവിഡ് പശ്ചാത്തലത്തിൽ അടുത്തിടെ ഇതില്‍ 55 ശതമാനം ഇടിവുണ്ടായെന്നാണ് റിപ്പോർട്ട്.