agri

ലക്നൗ: ലോക് ഡൗൺ സമയം നീട്ടിയതോടെ പച്ചക്കറികൾക്ക് വിലകിട്ടാതെ വലയുകയാണ് ഉത്തർ പ്രദേശിലെ കർഷകർ. കൃഷി ചെയ്ത വിഭവങ്ങളുമായി മൊത്ത കച്ചവടക്കാർക്ക് അടുത്തെത്താൻ ചിലവാകുന്ന തുക പോലും തിരികെ കിട്ടാതെയായതോടെ വിളകളാകെ നശിക്കുകയാണ്. ചിലർ കൃഷി ചെയ്തത് സൗജന്യമായി നൽകുകയും ചെയ്യുന്നു. സ്വന്തം ഭൂമിയിൽ മത്തങ്ങ വിളവെടുപ്പ് നടത്തുകയാണ് സുരേന്ദ്ര പൻവാർ. 'എൺപത് കിലോമീറ്റർ അകലെ ഡൽഹിയിലെ ചന്തയിൽ ഇത് കിലോയ്ക്ക് 1.50 രൂപയ്ക്കാണ് വിറ്റുപോകുക. അത്ര ദൂരേക്ക് കൊണ്ടുപോയാൽ വാഹനകൂലി പോലും ലഭിക്കില്ല." പൻവാർ പറയുന്നു. ഏക്കറിന് മുപ്പതിനായിരം രൂപയോളമാണ് പൻവാറിന് നഷ്ടം സംഭവിച്ചത്. തോട്ടത്തിൽ വരുന്നവർക്ക് സൗജന്യമായി മത്തങ്ങ നൽകിയാണ് പൻവാർ മടക്കി അയക്കുന്നത്.

ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവർക്കും അതിലും നഷ്ടമാണുണ്ടായിരിക്കുന്നത്. പത്ത് ഏക്കർ ഭൂമി മൂന്ന് ലക്ഷം രൂപ ചിലവഴിച്ചാണ് സുഖ സൈനി പാട്ടത്തിനെടുത്തത്. കൃഷി ചെയ്യുന്ന ചീരക്ക് കിലോക്ക് 5 രൂപ മാത്രമാണ് ലഭിക്കുക. കഴിഞ്ഞമാസം ഉണ്ടായ കൊടുങ്കാറ്റിൽ പകുതിയേറെ കൃഷി നഷ്ടമായെന്നും സൈനി പറയുന്നു. പച്ചക്കറികൾ പഴങ്ങൾ പോലെ വേഗം ചീത്തയാകുന്നവ കൃഷി ചെയ്ത കർഷകർക്ക് നാൽപത് ദിവസത്തെ ലോക്ക് ഡൗൺ നൽകിയത് കനത്ത ദുരിതമാണ്. കടകൾ വേണ്ടത്ര തുറക്കാതായതോടെ വാഹന ഉടമകൾ വലിയ വിലയാണ് വാടകയായി ഇവരോട് ആവശ്യപ്പെടുന്നത്. ചിലവാകാത്ത വിളവെടുത്ത കൃഷിവിഭവങ്ങൾ കിലോക്ക് 1 രൂപ നിരക്കിൽ പന്നിഫാമുകൾ നടത്തുന്നവർ ചില ദിവസങ്ങളിൽ വാങ്ങി പോകാറുണ്ടെന്ന് ഇവർ വേദനയോടെ പറയുന്നു.

മഹാരാഷ്ട്രയിലും ഇത്തരം കഥകൾ തന്നെയാണ് കർഷകർക്കുള്ളത്. എന്നാൽ പ്രതിസന്ധിയെ ഫലപ്രദമായി പിടിച്ചു നിർത്തിയ കഥകളും ഇവിടുണ്ട്. നഗര പ്രദേശങ്ങളിലെ വീടുകളിൽ നേരിട്ട് സാമൂഹ്യ മാധ്യമമായ ട്വിറ്റർ ഉപയോഗിച്ച് ഒരുകൂട്ടം കർഷകർ പച്ചക്കറികൾ ബാഗിലാക്കി വിൽക്കുന്നുണ്ട്.

നിലവിലെ രാജ്യത്തെ പച്ചക്കറി വിതരണത്തിലെ പ്രതിസന്ധി ഒരു ഫലപ്രദമായ വിതരണ ശൃംഘല ഇവിടെ വേണം എന്ന് ഓർമ്മിപ്പിക്കുന്നു. ഇടനിലക്കാരില്ലാതെ വിഭവങ്ങൾ വേണ്ടവർക്ക് നേരിട്ട് വിൽക്കുന്ന സമ്പ്രദായം ശക്തിപ്പെടണം. ഇക്കാര്യം ആലോചിക്കാനും ലോക്ഡൗൺ കാലത്തെ മെച്ചപ്പെട്ട പഴംപച്ചക്കറി വിതരണത്തിനുള്ള വഴി ആലോചിക്കാൻ കേന്ദ്ര സർക്കാർ യോഗം ചേർന്നെങ്കിലും കൃത്യമായ തീരുമാനങ്ങളൊന്നും എടുക്കാനായിരുന്നില്ല.