വാഷിംഗ്ടൺ: ലോക്ക്ഡൗൺ കഴിയുമ്പോൾ ആഗോള തലത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വൻവർദ്ധന ഉണ്ടാകുമെന്ന് യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (യുനിസെഫ്) പഠനം. ലോകമെങ്ങും 11.60 കോടി കുഞ്ഞുങ്ങൾ പിറക്കുമെന്നാണ് കരുതപ്പെടുന്നത്. മാർച്ച് 11 മുതൽ ഡിസംബർ വരെ രാജ്യത്തു 2.01 കോടി കുഞ്ഞുങ്ങൾ ജനിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
മെയ് 10 ലോക മാതൃദിനം ആചരിക്കാനിരിക്കെയാണ് യുനിസെഫ് റിപ്പോർട്ട് പുറത്തുവിട്ടത്. ആരോഗ്യരംഗം സമ്മർദവും തടസ്സങ്ങളും നേരിടുന്നത് ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ടിലുണ്ട്. ഇന്ത്യയിലാണ് കൂടുതൽ കുഞ്ഞുങ്ങൾ ജനിക്കുക. ചൈന (1.35 കോടി), നൈജീരിയ (64 ലക്ഷം), പാകിസ്ഥാൻ (50 ലക്ഷം), ഇന്തോനേഷ്യ (40 ലക്ഷം), യു.എസ് (33 ലക്ഷം) തുടങ്ങിയ രാജ്യങ്ങളാകും ഇന്ത്യയ്ക്കു പിന്നിൽ. കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയിൽ ഈ സമയത്ത് 33 ലക്ഷം കുഞ്ഞുങ്ങളുണ്ടാകും. കൂടുതൽ കുഞ്ഞുങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് അമേരിക്ക.