remittance

 കേരളത്തിലേക്കുള്ള പ്രവാസിപ്പണമൊഴുക്ക് 15-20% ഇടിഞ്ഞേക്കും

കൊച്ചി: ആഗോള സമ്പദ്‌ഞെരുക്കത്തിനും എണ്ണ വിലത്തകർച്ചയ്ക്കും പിന്നാലെ ഇരുട്ടടിയായി എത്തിയ കൊവിഡും മൂലം ഗൾഫ് രാജ്യങ്ങൾ നേരിടുന്ന തളർച്ച, ഏറ്റവും വലിയ തിരിച്ചടിയാവുക കേരളത്തിന്. ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം നേരിടുന്ന രാജ്യമാണ് ഇന്ത്യ. ഇതിൽ, 19-20 ശതമാനവും കേരളത്തിലേക്കാണ്.

2020ൽ ഇന്ത്യയിലേക്കുള്ള പ്രവാസിപ്പണം 2019ലെത്തിയ 8,300 കോടി ഡോളറിൽ നിന്ന് 6,400 കോടി ഡോളറിലേക്ക് ചുരുങ്ങുമെന്ന് ലോകബാങ്ക് വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം, കേരളത്തിലേക്ക് ഈവർഷം എത്തുന്ന പണത്തിൽ 28,000-30,000 കോടി രൂപയുടെ കുറവുണ്ടായേക്കാം. പ്രളയം, നിപ്പ, കൊവിഡ് തുടങ്ങിയവമൂലം സമ്പദ്പ്രതിസന്ധിയിലായ കേരളത്തിന് ഇതു വലിയ ക്ഷീണമാകും.

കേരളത്തിലേക്കുള്ള പ്രവാസിപ്പണമൊഴുക്ക് 15 ശതമാനം വരെ ഇടിയുമെന്ന വിലയിരുത്തലുകളുമുണ്ട്. അങ്ങനെയെങ്കിൽ, ഈവർഷത്തെ നഷ്‌ടം പരമാവധി 15,000 കോടി രൂപയായിരിക്കും. കേരള മൈഗ്രേഷൻ സർവേ-2018ലെ കണക്കുപ്രകാരം, 2018ൽ കേരളം നേടിയ പ്രവാസിപ്പണം 85,092 കോടി രൂപയാണ്.

₹30,000 കോടി നഷ്‌ടം

2019ൽ ഇന്ത്യ നേടിയ 8,300 കോടി ഡോളറിന്റെ 19 ശതമാനം കണക്കാക്കിയാൽ, കേരളം നേടിയത് 1.20 ലക്ഷം കോടി രൂപ (മൂല്യം ഡോളറിനെതിരെ 76 എന്നപ്രകാരം). ഈവർഷം ഇന്ത്യയിൽ 6,300 കോടി ഡോളറേ എത്തൂ എന്ന ലോകബാങ്ക് റിപ്പോർട്ട് പരിഗണിച്ചാൽ, കേരളത്തിന് പ്രതീക്ഷിക്കാവുന്നത് 90,000 കോടി രൂപയാണ്. നഷ്‌ടം 30,000 കോടി രൂപ.

പണമൊഴുക്കിന്റെ

തടസങ്ങൾ

1. പ്രവാസി ഇന്ത്യക്കാർ‌ ഏറ്റവുമധികമുള്ള ഗൾഫ് രാജ്യങ്ങൾ, എണ്ണവില ഇടിവുമൂലം 2014 മുതൽ വരുമാനക്കമ്മി നേരിടുന്നു.

2. ആഗോള സമ്പദ്‌മാന്ദ്യത്തിനും ക്രൂഡ് വിലത്തകർച്ചയ്ക്കും പിന്നാലെ കൊവിഡിന്റെ താണ്ഡവം

3. ഗൾഫ് സ്വകാര്യ കമ്പനികൾ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു

4. കുറഞ്ഞത് 20% പേർ തൊഴിൽ നഷ്‌ട ഭീതിയിൽ

5. സ്വദേശിവത്കരണം വഴി പല ഗൾഫ് രാജ്യങ്ങളും വിദേശികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നു.

7. ഒമാൻ 80 തൊഴിൽ മേഖലകളിൽ വിദേശികളെ വിലക്കി

8. കൊവിഡ് ഭീതിമൂലം നല്ലൊരു പങ്ക് പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്നു

26.9%

ഏറ്റവുമധികം പ്രവാസി മലയാളികളുള്ള യു.എ.ഇയിൽ നിന്നാണ് ഇന്ത്യയിലേക്ക് കൂടുതൽ പ്രവാസിപ്പണം എത്തുന്നത്; 26.9 ശതമാനം. മുന്നിലുള്ള മറ്റു പ്രമുഖ രാജ്യങ്ങളും വിഹിതവും:

 അമേരിക്ക : 22.9%

 സൗദി : 11.6%

 ഖത്തർ : 6.5%

 കുവൈറ്ര് 5.5%

20%

ഒരുകോടിയോളം ഇന്ത്യക്കാർ ഗൾഫ് രാജ്യങ്ങളിലുണ്ട്. അവരിൽ 20 ശതമാനത്തോളം തിരിച്ചുവരാൻ ശ്രമിക്കുന്നു. ഇത്, ഏറ്റവുമധികം തളർത്തുക കേരളത്തിന്റെ സമ്പദ്സ്ഥിതിയെ ആയിരിക്കും.

 കേരളത്തിലേക്ക് തിരിച്ചെത്തുന്നവരിൽ വിദഗ്ദ്ധ, അവിദഗ്ദ്ധ തൊഴിലാളികൾ ഉണ്ടാകും

 ഇവരെ പുനരവധിവസിപ്പിക്കുക എന്ന വെല്ലുവിളിയും കേരളം നേരിടണം.