ബംഗളുരു:- നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയിൽ വളർച്ചാ നിരക്ക് 0 ശതമാനമാകുമെന്ന് മൂഡീസ് റിപ്പോർട്ട്. കൊവിഡ് രോഗബാധയുടെ അലയൊലികൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച വഷളാക്കുമെന്നും മൂഡീസിലെ വിശകലന വിദഗ്ധർ പറയുന്നു. ഉറപ്പുള്ള ഒരു സാമ്പത്തികാവസ്ഥ കൊവിഡ് ഇന്ത്യയിൽ അസാധ്യമാക്കി. 2021 സാമ്പത്തിക വർഷം ഇന്ത്യ വളർച്ചയൊന്നും നേടില്ലെന്നും 2022ൽ 6.6% സാമ്പത്തിക വളർച്ച നേടുമെന്നും മൂഡീസ് വ്യക്തമാക്കുന്നു.
കഴിഞ്ഞ നവംബറിൽ ഇന്ത്യയിലെ സാമ്പത്തിക വളർച്ച വേഗം കുറഞ്ഞതോടെ മൂഡീസ് സ്ഥിരതയാർന്നത് എന്നതിൽ നിന്ന് ഇന്ത്യയെ നെഗറ്റീവ് ആക്കിയിരുന്നു. ദീർഘനാളായുള്ള ഗ്രാമീണമേഖലയിലെ ജനങ്ങളുടെ സാമ്പത്തികക്ളേശവും തൊഴിൽ സൃഷ്ടിക്കുന്നതിൽ വന്ന കുറവും ബാങ്ക് ഇതര സാമ്പത്തിക സ്ഥാപനങ്ങളിൽ വന്ന തകർച്ചയും വളർച്ചാനിരക്ക് കുറക്കുന്നതിന് ആക്കം കൂട്ടി.
നാമ മാത്രമായ ജിഡിപി വർദ്ധന ഉയർന്നില്ലെങ്കിൽ സർക്കാരിന് ബജറ്റ് കമ്മിയും വർദ്ധിച്ചുവരുന്ന കടവും തമ്മിലെ അന്തരം കുറക്കാൻ വളരെ ബുദ്ധിമുട്ടേണ്ടി വരും. സാമ്പത്തിക രംഗം ശക്തിപ്പെടുത്താനും സ്ഥിരത കൈവരിക്കാനുമുള്ള ശ്രമം സർക്കാർ നടത്തിയാൽ മാത്രമേ നെഗറ്റീവ് എന്നതിൽ നിന്ന് സ്ഥിരതയാർന്നത് എന്ന സാമ്പത്തിക വളർച്ചാ സൂചികയിലേക്ക് രാജ്യത്തിന് മാറാനാകൂ എന്ന് മൂഡീസ് സൂചിപ്പിക്കുന്നു.
ഈ കൊവിഡ് കാലം താഴ്ന്ന വളർച്ചാ നിരക്കും റവന്യൂ നഷ്ടവും സാമ്പത്തിക ഉത്തേജന നടപടികളുടെ അഭാവവും സർക്കാരിന് വലിയ സമ്മർദ്ദമാണ് വരുംകാലത്ത് ഉണ്ടാക്കുക.