goa

കേരളത്തിന്റെ മുഖഛായയാണ് ഗോവയ്ക്കും കൊവിഡ് ഭീഷണിക്കുമുമ്പാണ് യാത്ര നടത്തിയതെങ്കിലും ഇന്നലെ കഴിഞ്ഞപ്പോലെ...

തെങ്ങും വയലും തോടും കടലും ചേർന്ന സുന്ദരമായ ഗ്രാമങ്ങൾ. പശ്ചിമഘട്ട മലനിരകൾ തീരപ്രദേശങ്ങളോട് അടുത്ത് വരുന്നതിനാൽ ഉയരത്തിലുള്ള ചെങ്കൽ മേടുകളും അവയ്ക്കിടയിൽ നിരപ്പാർന്ന സ്വാഭാവിക കടൽത്തീരങ്ങളും ഗോവയുടെ പ്രത്യേകതയാണ്. ഭൂപ്രകൃതിയിലെ സാമ്യത മാത്രമല്ല ഗോവക്കാരുടെ രുചിക്കൂട്ടുകളും മലയാളികൾക്ക് ഏറെ ഇഷ്ടപ്പെടും. ഒരുകാലത്ത് ഏറെ ദുഷ്കരമായിരുന്നു കേരളത്തിൽനിന്നും ഗോവയിലേക്കുള്ള യാത്രകൾ. കുർടോളിൻ നദിയും കുന്ദാപുരയിലെ പഞ്ചഗംഗനദിയും കടക്കണമെങ്കിൽ മണിക്കൂറുകളോളം കാത്തുകിടന്ന് ചങ്ങാടങ്ങളിൽ കയറണമായിരുന്നു. എന്നാൽ കൊങ്കൺ റെയിൽവേ പൂർത്തീകരിച്ചപ്പോൾ ഗോവൻ യാത്രകൾ എളുപ്പവും ആസ്വാദ്യകരവുമായിട്ടുണ്ട്. തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്നും ഒാക്ക എക്സ്‌പ്രസിൽ കയറി. ഉടുപ്പിയിലെത്തുമ്പോൾ പ്രഭാതമായി. മൂകാംബികയിലേക്കുള്ള തീർത്ഥാടകർ ധാരാളമുണ്ടായിരുന്നു. അവരെല്ലാം മൂകാംബിക റോഡിൽ ഇറങ്ങി.

നദികളും തുരങ്കങ്ങളും കടന്നു തീവണ്ടി പായുകയാണ്. പുറംകാഴ്ചകളിൽ കൊങ്കൺ തീരങ്ങളുടെ ചാരുത. ഇളംവെയിൽ വാരി പുതച്ച പ്രകൃതി, ചെങ്കൽരാശി മണ്ണിലുള്ള കൃഷിയിടങ്ങൾ , ചെറുവനങ്ങൾ, ഇടയ്ക്കിടെ ദർശനം തരുന്ന നീലക്കടൽ. ഗാബിയോണുകൾ, കൺകൊൺ (canacona) മുതൽ വലിയ കുന്നുകളും വനങ്ങളും തെളിഞ്ഞു. പറങ്കിമാവിൻ തോപ്പുകൾ. ഉൾപ്രദേശങ്ങളിൽ നിന്നും ഇറങ്ങി വരുന്ന നാട്ടുവഴികൾ.

ഗോവയിലേക്കുള്ള ടൂറിസ്റ്റുകൾ അധികവും ഇറങ്ങുന്നത് മഡ്ഗോണിലാണ്. മഡ്ഗോൺ ജംഗ്ഷനാണ് കൊങ്കൺ റെയിൽവേയും സൗത്ത് വെസ്റ്റേൺ റെയിൽവേയും ഇതുവഴി ട്രെയിനുകൾ ഒാടിക്കുന്നു.

ഗോവൻ ഗ്രാമങ്ങളുടെ ഒരു പരിച്ഛേദമാണ് വെർണ. തെങ്ങിൻതോപ്പുകളും വയലുകളും തോടുകളും കുന്നുകളും. പനവേലിക്കും വാസ്കോഡഗാമയിലേക്കുമുള്ള വണ്ടികൾ ഇടതടവില്ലാതെ പാഞ്ഞുകൊണ്ടിരുന്നു. മുൻവശത്ത് പച്ച പുതപ്പിട്ടപോലെ വിശാലമായ പയർ പാടങ്ങൾ. രാവിലെ മുതൽ അവിടെ കൃഷിപ്പണികളിൽ ഏർപ്പെടുന്ന കർഷകർ. പ്രഭാത മഞ്ഞിനിടയിലൂടെ രക്തവർണം ചാർത്തി ഉദിച്ചുയരുന്ന സൂര്യൻ. വെയിൽ മൂക്കുന്നതോടെ ഒടിച്ചെടുത്ത പയർ കെട്ടുകളാക്കി കർഷകർ വില്പനയ്ക്കായി കൊണ്ടുപോയി തുടങ്ങും. ഗോവയിൽ എവിടെനിന്നും പടിഞ്ഞാറുഭാഗത്തേക്ക് കുറച്ചുദൂരം നടന്നാൽ ഏതെങ്കിലും ഒരു ബീച്ചിലേക്കെത്താം. പയർ വയലുകൾക്കിടയിലെ വരമ്പുകളിലൂടെ കുറച്ചുദൂരം മുന്നോട്ടു നടന്നപ്പോൾ അറോസിം ബീച്ചിലേക്കെത്തി. ഏറെക്കുറെ വിജനമായിരുന്നു ബീച്ച്. അവിടവിടെയായി റിസോർട്ടുകൾ. കടലിന് അഭിമുഖമായുള്ള അതിന്റെ മുറ്റങ്ങളിലും കോലായിലും വെള്ളക്കാരായ ടൂറിസ്റ്റുകൾ ചാരുബെഞ്ചിൽ മലർന്നുകിടക്കുന്നു. ചിലർ കടൽസ്‌നാനം ചെയ്യുന്നു. ഗോവയിലെ തിരക്ക് പിടിച്ച മിറാമിൻ കാലങ്കുറ്റി ഡോണ്‌പോള തുടങ്ങിയ ബീച്ചുകളെക്കാൾ ഏറെ വ്യത്യസ്തമാണ് അറോസിം ബീച്ച്. തീരങ്ങളിൽ ധാരാളം കടൽപ്പക്ഷികൾ. സീഗൾ പക്ഷികൾ കൂട്ടമായി പറന്നുയരുന്നതും കലപില കൂട്ടുന്നതും കൗതുകകരമായ കാഴ്ചയാണ്. സ്വസ്ഥതയോടെ അവയുടെ കുസൃതികൾ എത്രനേരം വേണമെങ്കിലും കണ്ടിരിക്കാം.

നേരം ഉച്ചയായി. തിരിച്ചുനടന്നു നിരത്തിലെ പീടികകളെല്ലാം അടച്ചുതുടങ്ങി. ഇനി വൈകിട്ടേ അവയെല്ലാം തുറക്കുകയുള്ളു. ഒരുമണിമുതൽ നാലുമണിവരെ ഗോവക്കാർക്ക് വിശ്രമമാണ്. ഗോവയിലെ പഴയ കെട്ടിടങ്ങളെല്ലാം പോർച്ചുഗീസ് ശൈലിയിലാണ്. പറങ്കിമാവുകളുടെ തണലിൽ പഴയൊരു ബംഗ്ളാവ് നിലംപൊത്താറായി നിൽക്കുന്നു. അതിന്റെ മുറ്റത്ത് കുട്ടികളുടെ ക്രിക്കറ്റ് കളി. വെർണയിൽ നിൽക്കുമ്പോൾ അത്ര അകലെയല്ലാതെ വലിയൊരു കുന്ന് കാണാം. കുന്നിൻമുകളിൽ ഒരു വെളുത്ത പള്ളി. ഏതൊരു സഞ്ചാരിയെയും പെട്ടെന്നാകർഷിക്കുംവിധമാണ് പോർച്ചുഗീസ് മാതൃകയിലുള്ള ആ പള്ളിയുടെ നിൽപ്പ്.

പ്രഭാതങ്ങളിൽ ഗോവൻ ഗ്രാമങ്ങളിലൂടെയുള്ള സഞ്ചാരം ഒരു വേറിട്ട അനുഭവമാണ്. എങ്ങും മൂടൽമഞ്ഞിൽ ലയിച്ച അവ്യക്തമായ ചിത്രങ്ങൾ. ട്രാക് സ്യൂട്ടണിഞ്ഞ് പ്രഭാത സവാരിക്കിറങ്ങിയ ലോകത്തിന്റെ പലപല ദിക്കുകളിൽ നിന്നും എത്തിയ സന്ദർശകർ. പലതരം ഭാഷകൾ. പാൽ വില്പനക്കാർ. സൊസൈറ്റികളിൽ ഫെനി അളക്കുവാൻ വരിനിൽക്കുന്ന ഗ്രാമീണർ. മീൻ കച്ചവടക്കാർ. പല ജെനുസിൽ പെട്ട തെരുവ് നായ്‌ക്കൾ. പശ്ചാത്തല സംഗീതമായി നിലയ്ക്കാത്ത കടലാരവം. വെർണയിൽ നിന്നും തീവണ്ടി കയറിയാണ് ഒരുദിവസം പഴയ ഗോവയിലേക്ക് പുറപ്പെട്ടത്. ഒാൾഡ് ഗോവയിലേക്ക് പോകുവാൻ പനവേൽ റൂട്ടിൽ കർമാലിൻ സ്റ്റേഷനിൽ ഇറങ്ങണം. തീവണ്ടി സുവാരി നദിക്കു കുറുകെയുള്ള പാലം കടക്കുവാൻ തുടങ്ങി. അഴിമുഖത്തുനിന്നും എത്തുന്ന തണുത്ത കാറ്റ് തീവണ്ടിയെ ആശ്ളേഷിച്ചുകൊണ്ടിരുന്നു. ഒരു കിലോമീറ്റർ നീളത്തിൽ ഒറ്റ തൂണുകളിൽ നിർമ്മിച്ചതാണ് സുവാരി പാലം. കൊങ്കൺ റെയിൽവേയുടെ വിസ്മയാവഹമായ മറ്റൊരു നിർമ്മിതി.

പ്രധാനമായും മൂന്ന് നദികളാണ് ഗോവയിലൂടെ ഒഴുകി കടലിൽ ചേരുന്നത്. മണ്ഡോവി, സുവാരി, ചപോരാ.

കാർമാലിൻ സ്റ്റേഷനിൽനിന്നും നാലു കിലോമീറ്റർ ദൂരമുണ്ട് മണ്ഡോവി നദിക്കരയിലുള്ള ബസലിക്ക ഒഫ് ബോംജീസസ് പള്ളിയിലേക്ക്. ഗോവയി​ൽ പോർച്ചുഗീസുകാരുടെ ആസ്ഥാനമായി​രുന്നു ഒാൾഡ് ഗോവ. പള്ളി​യുടെ ഒരു ഭാഗത്തായി​ പഴയ വെടി​ക്കോപ്പു സംഭരണശാലകളും ഒാഫീസുകളും കാണാം.

ഫ്രാൻസിസ് സേവ്യർ പുണ്യവാളന്റെ അഴുകാത്ത മൃതശരീരം പള്ളിക്കകത്ത് പ്രത്യേക പേടകത്തിൽ സൂക്ഷിച്ചുവച്ചിട്ടുണ്ട്. 1552 ൽ സാൻസിൻ ദ്വീപിൽ വച്ചായിരുന്നു ഫ്രാൻസിസ് പുണ്യവാളന്റെ അന്ത്യം. യുനെസ്‌കോയുടെ ഗോവയിലുള്ള അൻപതോളം ഹെറിറ്റേജ് സ്മാരകങ്ങളിൽ പ്രധാനപ്പെട്ടതാണ് ബോംജീസസ് ബസലിക്ക.

മണ്ഡോവി നദിയിലൂടെ നീങ്ങുന്ന ഒരു ഉല്ലാസ നൗകയിൽ നിന്നും പതിഞ്ഞുയരുന്ന ഗോവയുടെ നാടോടി സംഗീതം. അതിനൊത്ത് നൃത്തച്ചുവടുകൾ വയ്ക്കുന്ന ഗ്രാമീണ വേഷം ധരിച്ച പെൺകുട്ടികൾ. പാട്ടും നൃത്തവും ഗോവക്കാർക്ക് എന്നും പ്രിയപ്പെട്ടതാണ്. ടൂറിസ്റ്റുകളുമായി പോകുന്ന ഏതോ റിവർ ക്രൂയിസ് സംഘമാണ്. വഴിവിളക്കുകൾ പ്രകാശിച്ചുതുടങ്ങി. പാതയോരങ്ങളിൽ രാത്രികളിൽ നടക്കുന്ന ഡിന്നർ പാർട്ടികൾക്കുള്ള അലങ്കാരങ്ങൾ. അണിയറയിൽ മുട്ടിയും മൂളിയും വലിയ ഡ്രമ്മുകളിലും ഒാർഗനുകളിലും ഗിത്താറിലും പരീക്ഷണങ്ങൾ നടത്തുന്ന ഗായകസംഘം. ചെറിയ കരിമരുന്ന് വേലകൾ.

സന്ദർശകരെ മറ്റേതോ ലോകത്തേക്കുയർത്തുന്ന ഗോവയാത്രയുടെ സുഖം മറക്കാനാവില്ല. കൊവിഡ് ഭീതി മാറുമ്പോൾ ഗോവ വീണ്ടും സന്ദർശകരുടെ സ്വർഗമാകും.