ന്യൂഡൽഹി: ഹിമാലയത്തിലെ തീർത്ഥാടന കേന്ദ്രമായ കൈലാസ് - മാനസ സരോവറിലേക്ക് ഉത്തരാഖണ്ഡിലൂടെ പുതിയ പാത പൂർത്തിയായി. ഇനി ഇവിടെയെത്തിച്ചേരാൻ രണ്ടു ദിവസത്തെ യാത്ര മതിയാകും. താമസിയാതെ ഇത് തീർത്ഥാടകർക്കായി തുറന്നു കൊടുക്കും. നേരത്തെ ഇത് അഞ്ച് ദിവസമായിരുന്നു. ഉത്തരാഖണ്ഡിലെ ധാർചുല പട്ടണത്തെ ഇന്ത്യ - ചൈന അതിർത്തിയിലെ ലിപുലെഖ് പാസുമായി ബന്ധിപ്പിക്കുന്ന റോഡ് സമുദ്രനിരപ്പിൽ നിന്ന് 17,000 അടി ഉയരത്തിലാണ്.

റോഡിന്റെ ഉദ്ഘാടനം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. റോഡ് ഉദ്ഘാടനം ചെയ്യാനായതിൽ സന്തോഷമുണ്ടെന്നും പദ്ധതി പൂർത്തിയാക്കിയ ബോർഡർ റോഡ് ഓർഗനൈസേഷനെ അഭിനന്ദിക്കുന്നതായും രാജ്നാഥ് സിംഗ് പറഞ്ഞു.

സിക്കിം, ഉത്തരാഖണ്ഡ്, നേപ്പാളിലെ കാഠ്മണ്ഡു എന്നിങ്ങനെ മൂന്ന് വഴികളിലൂടെ ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർക്ക് കൈലാസ് മാനസരോവറിൽ എത്തിച്ചേരാം. പക്ഷേ, ഇവയെല്ലാം ദൈർഘ്യമേറിയതും കഠിനവുമാണ്.