train-

പൂനെ:ലോക്ഡൗണിൽ വാഹനം കിട്ടാതെ,​ മഹാരാഷ്‌ട്രയിൽ നിന്ന് റെയിൽവേ ട്രാക്കിലൂടെ നടന്ന് സ്വദേശമായ മദ്ധ്യപ്രദേശിലേക്ക് പോയ കുടിയേറ്റ തൊഴിലാളികളിൽ 16 പേർ ചരക്ക് ട്രെയിൻ കയറി മരണമടഞ്ഞു. പാളത്തിൽ കിടന്ന് ഉറങ്ങുമ്പോൾ ഇന്നലെ പുലർച്ചെയായിരുന്നു ദുരന്തം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റ് മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.ദുരന്തത്തിൽപ്പെട്ടവരെല്ലാം 20 - 30 വയസുള്ളവരാണ്. മദ്ധ്യപ്രദേശിലെ ഉമാര്യ,​ ഷാഹദോൾ സ്വദേശികളായ ഇവർ മഹാരാഷ്‌ട്രയിലെ ജൽനയിൽ എസ്. ആർ. ജി കമ്പനിയിലെ തൊഴിലാളികളാണ്.മരിച്ചവരുടെ കുടുംബങ്ങൾക്ക് മദ്ധ്യപ്രദേശ്,​ മഹാരാഷ്‌ട്ര സർക്കാരുകൾ അഞ്ച് ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു.പൂനെയിൽ നിന്ന് 260 കിലോമീറ്റർ അകലെ ജൽന,​ ഔറംഗാബാദ് ജില്ലകൾക്കിടയിൽ കർമാദിൽ ഇന്നലെ പുലർച്ചെ 5.15നായിരുന്നു അപകടം.വ്യാഴാഴ്ച സന്ധ്യക്ക് ഏഴ് മണിയോടെയാണ് തൊഴിലാളികൾ ജൽനയിൽ നിന്ന് നാട്ടിലേക്ക് റോഡിലൂടെ കാൽനടയായി പുറപ്പെട്ടത്. ബദ‌്‌നാപൂരിൽ എത്തിയപ്പോൾ നടത്തം റെയിൽ പാളത്തിലൂടെയാക്കി. ഔറംഗബാദ് ആയിരുന്നു ലക്ഷ്യം. 36 കിലോമീറ്റർ നടന്നപ്പോഴേക്കും തളർന്ന തൊഴിലാളികൾ വിശ്രമിക്കാനായി പാളത്തിൽ ഇരുന്നു. ക്ഷീണം മൂലം കിടന്ന് ഉറങ്ങിപ്പോയി. നല്ല ഉറക്കമായിരുന്നതിനാൽ ട്രെയിൻ വന്നത് മിക്കവരും അറിഞ്ഞില്ല. ശബ്ദം കേട്ട് ഞെട്ടി ഉണർന്നവർ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. പുലർച്ചെ പാളത്തിൽ ചിലരെ കണ്ട ലോക്കോ പൈലറ്റ് ട്രെയിൻ നി‍റുത്താൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഒഴിഞ്ഞ പെട്രോളിയം കണ്ടെയ്‌നറുകളുമായി നല്ല വേഗതയിൽ വന്ന ട്രെയിൻ തൊഴിലാളികളുടെ മുകളിൽ കൂടി പാഞ്ഞുപോവുകയായിരുന്നു. അടുത്ത സ്റ്റേഷനിലാണ് നിറുത്തിയത്.സംഭവ സ്ഥലത്ത് ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു. ചോര തളം കെട്ടിയ ട്രാക്കിൽ തൊഴിലാളികളുടെ മ‌ൃതദേഹങ്ങൾ കഷണങ്ങളായി ചിതറിക്കിടന്നു.രക്ഷാപ്രവർത്തകർ ഇതെല്ലാം വാരിക്കൂട്ടിയാണ് കൊണ്ടുപോയത്. പാളത്തിൽ ചപ്പാത്തിയും ചോര പുരണ്ട വസ്‌ത്രങ്ങളും കിടക്കുന്നുണ്ടായിരുന്നു. അപകടത്തെപ്പറ്റി അന്വേഷണത്തിന് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ ഉത്തരവിട്ടു.