surat

സൂററ്റ്:- ലോക്ഡൗണിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ അന്യസംസ്ഥാന തൊഴിലാളികളിൽ നിന്ന് ബി.ജെ.പി പ്രവർത്തകൻ ട്രെയിൻ ടിക്കറ്റിന് മൂന്നിരട്ടി പണം വാങ്ങുകയും ചോദ്യം ചെയ്തയാളെ മർദ്ദിക്കുകയും ചെയ്തതായി പരാതി. സൂററ്റ് സ്വദേശി രാജേഷ് വെർമ്മയാണ് ജാർഖണ്ഡിലേക്ക് മടങ്ങാനിരുന്ന തൊഴിലാളിയെ മർദ്ദിച്ചത്. ഇയാൾ ടിക്കറ്റിനായി 1.16 ലക്ഷം രൂപ തങ്ങളുടെ കൈയിൽ നിന്നും വാങ്ങിയെന്ന് തൊഴിലാളികൾ പറഞ്ഞു. ഇയാൾക്കെതിരെ ലിംബായത്ത് പൊലീസ് കേസെടുത്തു.

രാജേഷ് വെർമ്മ ബി.ജെ.പി പ്രവർത്തകനാണെന്ന കോൺഗ്രസിന്റെ ആരോപണം ബി.ജെ.പി നിഷേധിച്ചു. സാമൂഹിക പ്രവർത്തകൻ മാത്രമാണ് രാജേഷ് വർമ്മ എന്ന് ബി.ജെ.പി പറഞ്ഞു. ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ എന്നാൽ ബി.ജെ.പി പ്രവർത്തകനാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രവും ഇയാൾ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. മർദ്ദനമേറ്റ് ഗുരുതര നിലയിലായ തൊഴിലാളിയുടെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാങ്ങിയ പണം മടക്കി നൽകില്ലെന്ന് പറഞ്ഞായിരുന്നു രാജേഷ് വെർമ്മ ആക്രമിച്ചതെന്ന് തൊഴിലാളികൾ പറഞ്ഞു.