ddd

തിരുവനന്തപുരം:വർഷങ്ങളായി കാത്തിരുന്ന വാർത്ത കേട്ടതോടെ കൊവിഡ് കാലത്തെ പ്രതിസന്ധികളും ശാരീരിക അവശതകളും വകയ്ക്കാതെ രാജൻ ആട്ടോ ഓടിച്ചെത്തിയത് പുതുജീവിതത്തിലേക്ക്. വൃക്ക മാറ്റിവയ്ക്കാൻ സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരുന്ന പാറശാല മുറിയത്തോട്ടം തോട്ടത്തുവിള പുത്തൻവീട്ടിൽ രാജന് ഏപ്രിൽ 17ന് പുലർച്ചെ അഞ്ചുമണിക്കാണ് മൃതസഞ്ജീവനി നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസിന്റെ യോജിച്ച വൃക്ക ലഭ്യമായിട്ടുണ്ടെന്ന ഫോൺവിളി എത്തുന്നത്. മറുപടി പോലും പറയാൻ സമയം കളയാതെ ആട്ടോ ഓടിച്ച് രാജൻ ഭാര്യയുമൊത്ത് ആശുപത്രിയിലെത്തി. ദാതാവിന്റെയും സ്വീകർത്താവിന്റെയും കൊവിഡ് പരിശോധനകൾക്കൊപ്പം മറ്റു നടപടികൾ പൂർത്തിയാക്കി ശസ്ത്രക്രിയയും നടന്നു. യൂറോളജി വിഭാഗം മേധാവിയായിരുന്ന ഡോ.വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ആട്ടോ തൊഴിലാളിയായ രാജൻ 25 വർഷം മുമ്പ് രക്താദിസമ്മർദത്തിനും പ്രമേഹത്തിനും പാറശാല ഗവ.ആശുപത്രിയിലും തുടർന്ന് കാരക്കോണം മെഡിക്കൽ കോളേജിലും ചികിത്സ തേടിയിരുന്നു. ചികിത്സയുടെ ഭാഗമായുള്ള പരിശോധനയിലാണ് ഇരുവൃക്കകളും തകരാറിലാണെന്ന് കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടർ ചികിത്സയിലായിരുന്നു. രാജന്റെ ഭാര്യ സിന്ധു അർബുദ രോഗത്തിന് ചികിത്സയിലാണ്. ശസ്ത്രക്രിയ കഴിഞ്ഞ് 21 ദിവസമായ ഇന്നലെ ആശുപത്രി വിട്ട രാജന് മന്ത്രി കെ.കെ.ശൈലജ ആശംസകൾ നേർന്നു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.കെ.അജയകുമാറിന്റെ നേതൃത്വത്തിൽ ആശുപത്രി അധികൃതരും ജീവനക്കാരും ചേർന്നാണ് രാജനെ യാത്രയാക്കിയത്.