ന്യൂഡൽഹി : കൊവിഡ് 19 ബാധിച്ച് ചികിത്സ കിട്ടാതെ മരിക്കേണ്ടിവന്ന ഡൽഹി പൊലീസിലെ കോൺസ്റ്റബിൾ അമിത് കുമാറിന്റെ മകനെ സ്വന്തം മകനേപ്പോലെ സംരക്ഷിക്കുമെന്ന പ്രഖ്യാപനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക്സഭാ എംപിയുമായ ഗൗതം ഗംഭീർ. നേരത്തേ ലോക്ക്ഡൗണിനിടെ മരണപ്പെട്ട തന്റെ വീട്ടുജോലിക്കാരിയുടെ അന്ത്യകർമ്മങ്ങൾ അവരുടെ മകന്റെ സ്ഥാനത്തുനിന്ന് ഗംഭീർ നടത്തിയിരുന്നു.
ഡൽഹിയിലെ രണ്ട് സർക്കാർ ആശുപത്രികളിൽ ചികിത്സ നിഷേധിക്കപ്പെട്ട അമിത് കുമാർ ചൊവ്വാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത് വിവാദമായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടമാക്കി 24 മണിക്കൂറിനുള്ളിലായിരുന്നു മരണം. ഡൽഹിയിൽ കോവിഡിന് കീഴടങ്ങിയ ആദ്യ പൊലീസുകാരൻ കൂടിയാണ് അമിത് കുമാർ. തിങ്കളാഴ്ച ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. പിറ്റേന്നു രാവിലെ പനി മൂർച്ഛിച്ചു. ശ്വാസതടസ്സമുണ്ടായതോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ നിഷേധിച്ചെന്നാണ് ആരോപണം. ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടതോടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു.
ഇതോടെ ഡൽഹി സർക്കാരിനെതിരെ ഗംഭീർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ‘നമ്മുടെ ഭരണവിഭാഗമാണ് അദ്ദേഹത്തെ തോൽപ്പിച്ചത്, നമ്മുടെ സംവിധാനങ്ങളാണ് അദ്ദേഹത്തെ തോൽപ്പിച്ചത്, ഡൽഹിയാണ് അദ്ദേഹത്തെ തോൽപ്പിച്ചത്. കോൺസ്റ്റബിൾ അമിതിനെ ജീവനോടെ തിരിച്ചെത്തിക്കാൻ നമുക്കിനി കഴിയില്ല. എങ്കിലും അദ്ദേഹത്തിന്റെ മകനെ എന്റെ മകനേപ്പോലെ വളർത്തുമെന്ന് ഞാൻ ഉറപ്പു നൽകുന്നു. ഗൗതം ഗംഭീർ ഫൗണ്ടേഷൻ അവന്റെ പഠനകാര്യങ്ങളും ഏറ്റെടുക്കും’ – ഗംഭീർ ട്വീറ്റ് ചെയ്തു.
ഹരിയാനയിലെ സോനിപത് സ്വദേശിയായ 31കാരനായ അമിത് കുമാറിന് ഭാര്യയും മൂന്നു വയസ്സുള്ള മകനുമുണ്ട്. വടക്കു–പടിഞ്ഞാറൻ ഡൽഹിയിലെ ഭാരത് നഗർ പൊലീസ് സ്റ്റേ,നിൽ ജോലി ചെയ്തിരുന്ന അമിത് കുമാർ ഗാന്ധിനഗറിൽ സുഹൃത്തിനൊപ്പം വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. അമിത് കുമാറിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരമായി നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പ്രഖ്യാപിച്ചിരുന്നു.