തിരുവനന്തപുരം: വിദേശങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന പ്രവാസികൾക്ക് സൗജന്യ മൊബൈൽ സേവനം നൽകുമെന്ന് മൊബൈൽ സർവീസ് പ്രൊവൈഡറായ എയർടെൽ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് നടന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
4ജി സിം ആണ് കമ്പനി പ്രവാസികൾക്ക് നൽകുക. സൗജന്യ ഡാറ്റ, ടോക് ടൈം എന്നീ സേവനങ്ങളും ഉണ്ടാകുമെന്ന് എയർടെൽ അറിയിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ നിന്ന് വന്നയാൾക്കാണ് രോഗം വന്നതായി കണ്ടെത്തിയത്. രോഗം വന്നയാൾ വൃക്കരോഗി കൂടിയാണെന്നും വിവരമുണ്ട്.
ഇന്ന് പത്ത് പേർക്ക് കൊവിഡ് രോഗം ഭേദമായിട്ടുമുണ്ട്. കണ്ണൂരിൽ ചികിത്സയിലായിരുന്ന പത്ത് പേർക്കാണ് രോഗം ഭേദമായിരിക്കുന്നത്. നിലവിൽ കണ്ണൂരിൽ അഞ്ച് പേർ മാത്രമാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്താകമാനം ഇപ്പോൾ 16 പേർ മാത്രമേ കൊവിഡ് ചികിത്സയിൽ കഴിയുന്നുള്ളൂ.