
സോൾ : കൊവിഡിനെത്തുടർന്ന് നിറുത്തിവച്ചിരുന്ന ദേശീയ ഫുട്ബാൾ ലീഗ് മത്സരങ്ങൾ പുനരാരംഭിച്ച് ദക്ഷിണകൊറിയ. രോഗവ്യാപനത്തെപ്പേടിച്ച് ഗാലറികളിൽ നിന്ന് കാണികളെ ഒഴിവാക്കിയെങ്കിലും ടെലിവിഷനിലൂടെയും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും ലോകമെമ്പാടുമുളള കാണികൾക്ക് ആസ്വദിക്കാവുന്ന രീതിയിലാണ് കൊറിയൻ ലീഗിന്റെ തിരിച്ചുവരവ്. കൊവിഡിന്റെ പിടിയിൽ മുടങ്ങിയ ലോകത്തെ ഫുട്ബാൾ ലീഗുകളിൽ തിരിച്ചുവരുന്ന ആദ്യത്തേതാണ് കൊറിയയിലേത്.ഇന്നലെ നടന്ന മത്സരത്തിൽ ജോയൻബക്ക് മോട്ടോഴ്സ് 1-0ത്തിന് സുവോൺ ബ്ളൂവിംഗ്സിനെ തോൽപ്പിച്ചു.
കാണികളില്ലെന്നത് മാത്രമല്ല, മറ്റ് പല നിയന്ത്രണങ്ങളും കർക്കശമായി നടപ്പിലാക്കിയാണ് കൊറിയ കളി പുനരാരംഭിച്ചത്.സോഷ്യൽ ഡിസ്റ്റൻസിംഗ് കർശനമാക്കിയതാണ് ഇതിൽ പ്രധാനം. കളിക്കാർ ഷേക്ക് ഹാൻഡ് നൽകാനോ, തമ്മിൽ തൊടാനോ പോയിട്ട് സംസാരിക്കാൻ പോലും പാടില്ല. മൂക്ക് ചീറ്റലും തുപ്പലും ഒഴിവാക്കണം . ഗോളടിച്ചാലുള്ള പതിവ് ആഘോഷങ്ങളൊന്നും വേണ്ട. ആരോഗ്യപരിശോധനയ്ക്ക് ശേഷമേ കളിക്കാരെ ഗ്രൗണ്ടിലേക്ക് ഇറക്കുകയുളളൂ. അതേസമയം കഴിഞ്ഞ ദിവസം കൊറിയയിൽ ബേസ്ബാൾ മത്സരങ്ങൾ നടന്നപ്പോൾ ഗാലറിയിൽ ഡമ്മി കാണികളെ ഇരുത്തിയിരുന്നു.
അതേസമയം കൊവിഡിന് മുമ്പ് കൊറിയൻ ലീഗ് ഏഷ്യയിലെ ആറ് രാജ്യങ്ങളിലേ ടെലിവിഷൻ സംപ്രേഷണം ഉണ്ടായിരുന്നുളളൂ. എന്നാൽ ഇപ്പോൾ ജർമ്മനി, ആസ്ട്രേലിയ, സ്വിറ്റ്സർലാൻഡ് തുടങ്ങി 20ലധികം രാജ്യങ്ങളിൽ ലൈവായി കളിക്കാണാം. ഇംഗ്ളീഷ് കമന്ററിയും സബ് ടൈറ്റിലുകളുമുണ്ടാകും.യൂട്യൂബ്,ഫേസ്ബുക്ക്,ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളിലൂടെയും ലൈവായി കാണാം.
ലാലിഗ ജൂണിൽ
മാഡ്രിഡ്: കൊവിഡിനെത്തുടർന്ന് നിറുത്തിവച്ചിരിക്കുന്ന സ്‌പാനിഷ് ലാ ലിഗ ഫുട്ബാൾ മത്സരങ്ങൾ അടുത്തമാസം പുനരാരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. ലീഗ് ക്ളബായ ലെഗാനസിന്റെ പരിശീലകൻ ഹാവിയർ അഗ്യുറെയാണ് ജൂൺ 20 മുതൽ ജൂലായ് 26 വരെയുള്ള അഞ്ചാഴ്ചകളിലായി ബാക്കിയുളള മത്സരങ്ങൾ നടത്തിത്തീർക്കുമെന്ന് അറിയിച്ചത്. ഒൗദ്യോഗിക വൃത്തങ്ങളിൽ നിന്നാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നും അഗ്യുറെ പറഞ്ഞു.
എന്നാൽ ഇക്കാര്യത്തിൽ ലാ ലിഗ അധികൃതർ ഒൗദ്യോഗിക അറിയിപ്പുകൾ ഒന്നും നൽകിയിട്ടില്ല.
എല്ലാ ക്ളബുകൾക്കും 11മത്സരങ്ങൾ വീതം ശേഷിക്കവേയാണ് മാർച്ച് പകുതിയോടെ ലാ ലിഗ നിറുത്തിവയ്ക്കേണ്ടിവന്നത്.
ശനിയും ഞായറും മാത്രമല്ല ബുധനും വ്യാഴവും കളിയുണ്ടായിരിക്കും.
കഴിഞ്ഞ ദിവസങ്ങളിലായി എല്ലാ ക്ളബുകളിലെയും കളിക്കാരെയും സ്റ്റാഫുകളെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
നെഗറ്റീവ് ആയ ക്ളബുകളിലെ താരങ്ങൾക്ക് പരിശീലനം ആരംഭിക്കാൻ അനുമതിയും നൽകി.
ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസി അടക്കമുള്ളവർ മാസ്ക് ധരിച്ച് ഗ്രൗണ്ടിൽ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. ലെഗാനസിന്റെ കളിക്കാരെല്ലാം നെഗറ്റീവാണെന്നും തങ്ങൾ ഇന്നുമുതൽ ട്രെയ്നിംഗിനിറങ്ങുമെന്നും അഗ്യൂറെ പറഞ്ഞു.