തിരുവനന്തപുരം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ സി.എം.ആർ.ഡി.എഫിലേക്ക്, 'കൂളെസ് ഓഫ് കേരള'യുടെ ഫേസ്ബുക്ക്, വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്ന് പിരിച്ച 1,51,891 രൂപ ഇന്ന് കൈമാറി. മെയ് 4 മുതൽ മെയ് 8 വരെ ആണ് ബാർസ ആരാധകരിൽ നിന്നായി ഇത്രയും തുക സമാഹരിച്ചത്.
നേരത്തെ കൂളെസ് ഓഫ് കേരളയുടെ ഭാരവാഹികളിൽ നിന്ന് സമാഹരിച്ച 13,000 രൂപ, ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. ഇക്കാര്യം പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പ്രതിപാദിച്ചതോടെയാണ്, കൂളെസ് ഓഫ് കേരളയിലെ അംഗങ്ങൾ ഇതിനെ പറ്റി അറിയുകയും സംഭാവന നൽകാൻ സന്നദ്ധത അറിയിക്കുകയും ചെയ്തത്. ഇതിനെ തുടർന്നാണ് അംഗങ്ങളിൽ നിന്ന് കൂടെ പണം പിരിക്കാൻ സംഘടന തീരുമാനമെടുത്തത്.
സംഘടനയുടെ ഫേസ്ബുക് പേജ് വഴി ഈ തീരുമാനം അറിയിച്ചു പോസ്റ്റ് ഇട്ടതോടെ വമ്പിച്ച പിന്തുണയാണ് അംഗങ്ങളിൽ നിന്ന് ലഭിച്ചത്. ആദ്യ 24 മണിക്കൂർ കൊണ്ട് തന്നെ 50,000 രൂപയോളം എത്തിയ ഫണ്ട്, ഇന്നലെ രാവിലെ ഒരു ലക്ഷം രൂപ കവിഞ്ഞു. ബാർസ ആരാധകരും മറ്റ് ഫുട്ബോൾ ആരാധകരും ഉൾപ്പടെ ഈ ഫണ്ടിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.