kerala

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് അഞ്ച് കോടി രൂപ സംഭാവന നൽകിയതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവായൂർ ദേവസ്വം ബോർഡ് സംഭാവന നൽകിയ വിഷയം ഉപയോഗിച്ച് വർഗീയ വികാരം വളർത്താൻ ചിലർ ശ്രമിക്കുന്നതായി കാണുന്നുണ്ടെന്നും രോഗത്തിന്റെ സാഹചര്യത്തിൽ വർഗീയ മുതലെടുപ്പിന് ശ്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

'ഒരു പൊതുകാര്യത്തിന് സംഭാവന നൽകുന്ന നിലപാടാണ് എല്ലാവരും സ്വീകരിക്കുന്നത്. നമ്മുടെ കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ. ഇത്തരമൊരു ഘട്ടത്തിൽ വർ​ഗീയമായി മുതലെടുക്കാൻ നോക്കുന്നത് ഒരു തരത്തിലും അം​ഗീകരിക്കാൻ കഴിയുന്നതല്ല. അത് അങ്ങേയറ്റം അപലപനീയമായ കാര്യമാണ്. നമ്മുടെ പൊതുസമൂഹം അത്തരം ആളുകളെ കൃത്യമായി മനസ്സിലാക്കുക തന്നെ ചെയ്യും.' മുഖ്യമന്ത്രി പറഞ്ഞു.

ദേവസ്വം ബോർഡ് ഫണ്ടിൽ നിന്നും ദുരിതാശ്വാസനിധിയിലേക്ക് പണം നൽകിയതിനെതിരെ ബി.ജെപി.യുടെ കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, ബി. ഗോപാലകൃഷ്ണൻ എന്നിവർ രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെ സംഭാവന നൽകിയതിനെതിരെ കേരള ഹൈക്കോടതിയിൽ ഹർജിയും സമർപ്പിക്കപ്പെട്ടിരുന്നു. ഈ നിലവിൽ കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. ദുരിതാശ്വാസനിധിയിലേക്ക് പണം നൽകിയതിന്റെ സാധുത കോടതിയുടെ തീർപ്പിന് വിധേയമായിരിക്കും എന്നും ഹൈക്കോടതി അറിയിച്ചു.