rupee

മുംബയ്: സമ്പദ്‌സ്ഥിതി സംബന്ധിച്ച അനിശ്‌ചിതത്വം ജനങ്ങളെ കൂടുതൽ പണ വിനിമയത്തിന് പ്രേരിപ്പിക്കുന്നതായി റിസർവ് ബാങ്ക്. 2020 ജനുവരി - ഏപ്രിലിൽ കാലയളവിലെ കറൻസി വിനിമയ വർദ്ധന, 2019ലെ മൊത്തം വളർച്ചയേക്കാൾ കൂടുതലാണെന്ന് റിസർവ് ബാങ്ക് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി. ഈവർഷം ജനുവരി ഒന്നുമുതൽ മേയ് ഒന്നുവരെ കറൻസി വിനിമയത്തിലുണ്ടായ വർദ്ധന 2.66 ലക്ഷം കോടി രൂപയാണ്. 2019ലെ മൊത്തം വർദ്ധന 2.40 ലക്ഷം കോടി രൂപയായിരുന്നു.

സാധാരണ സമ്പദ്‌സ്ഥിതി മെച്ചപ്പെടുമ്പോഴും തിരഞ്ഞെടുപ്പ്, ഉത്സവകാലങ്ങളിലുമാണ് കറൻസി വിനിമയം വർദ്ധിക്കാറുള്ളത്. എന്നാൽ, സമ്പദ്‌വ്യവസ്ഥ പൂർണമായി സ്തംഭിച്ചപ്പോഴാണ് ഇക്കുറി കറൻസി വിനിമയം കുതിച്ചതെന്നത് ആശ്ചര്യമാണ്. ജനങ്ങൾ കൂടുതൽ പണം ചെലവഴിക്കുകയല്ല, സമ്പദ് അനിശ്ചിതത്വം മൂലം ബാങ്ക് അക്കൗണ്ടുകളിൽ നിന്നും മറ്റും വൻതോതിൽ പണം പിൻവലിക്കുകയും അവ ചെലവഴിക്കാതെ വയ്ക്കുകയുമാണെന്നാണ് വിലയിരുത്തൽ.

ബാങ്കുകൾക്ക് ഇഷ്‌ടം

റിവേഴ്സ് റിപ്പോ!

റിവേഴ്സ് റിപ്പോ നിരക്ക് 3.75 ശതമാനമായി കുറഞ്ഞെങ്കിലും ഇപ്പോഴും ബാങ്കുകൾ അധികപ്പണം റിസർവ് ബാങ്കിൽ തന്നെ നിക്ഷേപിക്കാനാണ് താത്പര്യപ്പെടുന്നത്. ബാങ്കുകൾ ഇത്തരത്തിൽ നടത്തുന്ന നിക്ഷേപത്തിന് റിസർവ് ബാങ്ക് നൽകുന്ന പലിശയാണിത്. വായ്‌പാ വിതരണം പ്രോത്സാഹിപ്പിക്കാനാണ് റിവേഴ്സ് റിപ്പോ കുറച്ചത്. എന്നാൽ, കഴിഞ്ഞ ചൊവ്വാഴ്ഡച വരെയുള്ള കണക്കുപ്രകാരം 8.53 ലക്ഷം കോടി രൂപയുടെ അധികപ്പണം ബാങ്കുകൾ റിസർവ് ബാങ്കിൽ നിക്ഷേപിക്കുകയാണുണ്ടായത്.

കറൻസി പ്രചാരം

 2016 മേയ് 6 : ₹17.38 ലക്ഷം കോടി

 2020 മേയ് 1 : ₹25.35 ലക്ഷം കോടി