tinu

തിരുവനന്തപുരം: കൊവിഡ് കാലത്ത് സംസ്ഥാനത്തെ പരിശീലകർക്കായി ഓൺലൈൻ കോഴ്‌സ് സംഘടിപ്പിക്കാനൊരുങ്ങി കേരള ക്രിക്കറ്റ് അസോസിയേഷൻ. ഏറ്റവും പുതിയ കോച്ചിംഗ് ടെക്നിക്കുകൾ നൽകി പരിശീലകരെ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

ഗൂഗിൾ മീറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് ക്ലാസ്സുകൾ നടക്കുക. മുൻ ഇന്ത്യൻ പേസർ ടിനു യോഹന്നാൻ നയിക്കുന്ന ഹൈ-പെർഫോമൻസ് സെന്ററിന്റെ മേൽനോട്ടത്തിലാണ് ക്ലാസ്സുകൾ നടക്കുകയെന്ന് കെ.സി.എ. സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി നായർ പറഞ്ഞു.സംസ്ഥാനത്തെ എല്ലാ അംഗീകൃത പരിശീലകരേയും കോഴ്സിന്റെ ഭാഗമാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്.
ടിനു യോഹന്നാന് പുറമെ മുൻ ഇന്ത്യൻ വനിതാ ടീം ഫീൽഡിംഗ് കോച്ചായ ബിജു ജോർജ്, ബിസിസിഐ അമ്പയറും മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരവുമായ കെ.എൻ അനന്തപദ്മനാഭൻ, എൻ.സി.എ കോച്ച് ബിജുമോൻ , മുൻ രഞ്ജി ട്രോഫി അസി. കോച്ച് മസർ മൊയ്ദു,രഞ്ജി ട്രോഫി ഫിസിയോതെറാപ്പിസ്റ്റ് ആഷ്‌ലി ടോമി തുടങ്ങിയവരാണ് ക്ലാസ്സുകൾ നയിക്കുക.

ഹൈ-പെർഫോമൻസ് സെന്ററിന്റെ കീഴിൽ കെസിഎ നടത്തുന്ന ഒരു മികച്ച സംരംഭമാണിത്.സംസ്ഥാനത്തെ പരിശീലകരെ അപ്‌ഡേറ്റായി നിലനിറുത്താനും മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപാകനും ഇത് സഹായിക്കുമെന്നും ടിനു യോഹന്നാൻ പറഞ്ഞു. സംവേദനാത്മകമായ സെഷനുകളായിരിക്കും ക്ലാസ്സുകളിൽ ഉണ്ടാവുക. ലോക്ക്ഡൗണ്‍ അവസാനിച്ചതിനു ശേഷവും ഇത് തുടരാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
ബാറ്റിംഗ്,ഫാസ്റ്റ് ബൗളിംഗ്, ഫീൽഡിംഗ്, വിക്കറ്റ് കീപ്പിംഗ്, സ്പിൻ ബൗളിംഗ്,ഇഞ്ചുറി മാനേജ്മെന്റ് ആൻഡ് റീഹാബിലിയേഷൻ തുടങ്ങിയ വിഷയങ്ങൾ ഓൺലൈൻ കോഴ്‌സിൽ പ്രതിപാദിക്കും:
സംസ്ഥാനത്തൊട്ടാകെയുള്ള 165 അമ്പയർമാർക്കായി കേരള ക്രിക്കറ്റ് അസോസിയേഷൻ ഓൺലൈൻ ക്ലാസുകൾ നടത്തുന്നുണ്ട്. വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ഓഡിയോ ക്ലിപ്പുകൾ നൽകിയാണ് ക്ലാസ്സുകൾ. എം.സി.സി നിയമങ്ങളുടെ ഏറ്റവും പുതിയ പതിപ്പിന്റെ വിശദമായ വ്യാഖ്യാനങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ബിസിസിഐ ലെവൽ-2 അമ്പയർ അഡ്വ. ടോണി ഇമ്മട്ടിയാണ് ക്ലാസുകൾ നയിക്കുന്നത്. കൂടാതെ മുൻ അന്താരാഷ്ട്ര അമ്പയർ ജോസ് കുരിശിങ്കൽ, മുൻ ദേശീയ അമ്പയർ .അജിത് കുമാര്‍ എന്നിവർ മേൽനോട്ടവും വഹിക്കുന്നു.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷവും കെസിഎ സംഭാവന നൽകിയിരുന്നു.