ചെന്നൈ: തമിഴ്‌നാട്ടിൽ മദ്യവിൽപ്പനശാലകൾ അടയ്ക്കണമെന്ന് ഉത്തരവിട്ട് തമിഴ്‌നാട് മദ്രാസ് ഹൈക്കോടതി . ഈ മാസം 17 വരെ മദ്യവിൽപ്പനശാലകൾ തുറക്കരുതെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. മദ്യവിൽപ്പനശാലകൾ തുറന്ന ശേഷം ഒരിടത്തും സാമൂഹിക അകലം പാലിച്ചിട്ടില്ലെന്നും തമിഴ്നാട് സർക്കാരിനെ വിമർശിച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞു. അതേസമയം ഓൺലൈൻ വിൽപ്പന, ഹോം ഡെലിവറി സംവിധാനങ്ങൾ വഴിയുള്ള വിൽപ്പനയുടെ കാര്യം പരിഗണിക്കണമെന്നും ഹൈക്കോടതി പറഞ്ഞിട്ടുണ്ട്.
പലയിടങ്ങളിലും രോഗം പരത്തുന്ന തരത്തിലുള്ള സാഹചര്യമാണ് കടകൾ തുറന്നതിലൂടെ സംഭവിച്ചതെന്നും മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മദ്യം വിൽക്കുമ്പോൾ സാമൂഹിക അകലം പാലിച്ചിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ചെന്നൈയിലെ ഒരു അഭിഭാഷകൻ നൽകിയ ഹർജിയിലാണ് കോടതി ഇപ്പോൾ വിധി പറഞ്ഞിരിക്കുന്നത്. മദ്യവിൽപ്പന ശാലകൾ തുറക്കുന്നതിനെതിരെ തമിഴ്‌നാട്ടിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.
തമിഴ്‌നാട്ടിൽ പലയിടങ്ങളിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് മദ്യവിൽപ്പന ശാലകൾ തുറന്നതിനെതിരെ പ്രതിഷേധിച്ചത്. പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലാത്തി വീശിയ സംഭവങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം തമിഴ്‌നാട് സർക്കാർ പരിഗണിക്കുകയാണെന്ന വിവരം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. നിലവിൽ 3825 പേർക്കാണ് തമിഴ്‌നാട്ടിൽ കൊവിഡ് രോഗമുള്ളത്. 37 പേർ രോഗം മൂലം മരണമടഞ്ഞിട്ടുണ്ട്.