മ്യൂണിക്: ജർമനിയുടെ ലോകകപ്പ് ഹീറോ മിറോസ്ലാവ് ക്ലോസെ തന്റെ പഴയ ക്ളബ് ബയേൺ മ്യൂണിക്കിന്റെ സഹപരിശീലകനായി. ഹാൻസി ഫ്ലിക്കാണ് ബയേണിന്റെ മുഖ്യപരിശീലകൻ.2014ൽ ക്ലോസെ ജർമൻ ദേശീയ ടകമിൽ കളിക്കുമ്പോൾ അസിസ്റ്റൻറ് കോച്ചായിരുന്ന ഫ്ലിക്ക്. ജർമൻ ഒന്നാം ഡിവിഷൻ ഫുട്ബാൾ ലീഗായ ബുണ്ടസ് ലിഗയിൽ അടുത്ത ശനിയാഴ്ച മുതൽ വീണ്ടും പന്തുരുളാനിരിക്കേയാണ് മുൻ ക്ലബിലേക്കുള്ള ക്ലോസെയുടെ മടങ്ങിവരവ്. 2021 ജൂൺ 30 വരെയാണ് നിയമനം. കഴിഞ്ഞ രണ്ട് സീസണിലായി ബയേണിൻെറ അണ്ടർ 17 ടീമിനോടൊപ്പമാണ് മുൻതാരം. പുരുഷ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോഡിനുടമയാണ് 41കാരനായ ക്ലോസെ. നാലുലോകകപ്പുകളിലായി 16 ഗോൾ സ്കോർ ചെയ്ത ക്ലോസെ 2014ൽ ജർമനിക്കൊപ്പം ലോകകിരീടമുയർത്തി. ജർമനിക്കായി 137 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ക്ലോസെ 71ഗോളുകൾ നേടി. ബയേൺ കുപ്പായത്തിൽ 150 മത്സരം കളിച്ച താരം 53 തവണ ലക്ഷ്യം കണ്ടു. 2011ൽ ലാസിയോയിലേക്ക് കൂടുമാറി അഞ്ചുവർഷത്തിന് ശേഷം ബൂട്ടഴിച്ചു. ‘വളരെ സന്തോഷമുണ്ട്. ജർമൻ ദേശീയ ടീമിൽ കളിക്കുന്ന കാലം തൊട്ട് ഹാൻസി ഫ്ലിക്കിനെ അറിയാം. വ്യക്തിപരമായും അല്ലാതെയും ഞങ്ങൾ പരസ്പര വിശ്വാസം കാത്തുസൂക്ഷിക്കുന്നുണ്ട്. ഇത് എൻെറ കോച്ചിംഗ് കരിയറിലെ അടുത്ത കാൽവെപ്പാണ് ’ പരിശീലകനായി നിയമിതനായ ശേഷം ക്ലോസെ പ്രതികരിച്ചു.