ന്യൂഡൽഹി: കാലാസ്ഥാ പ്രവചനത്തിൽ പാക് അധീന കാശ്മീരിലെ പ്രദേശങ്ങളെ കൂടി പേരെടുത്ത് പറയാൻ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് തീരുമാനിച്ചത് അടുത്തിടെയാണ്. പാകിസ്ഥാൻ കൈയടക്കി വച്ചിരിക്കുന്ന പ്രദേശങ്ങൾ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന് ശക്തമായ മുന്നറിയിപ്പ് നൽകുകയായിരുന്നു ഈ നീക്കത്തിലൂടെ ഇന്ത്യ. ഇതിനോടനുബന്ധിച്ച്, പാക് അധീന കാശ്മീരിലെ പ്രദേശങ്ങളിൽ നിന്നുമുള്ള കാലാവസ്ഥാ പ്രവചനങ്ങൾ കൂടി വാർത്തകളിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ, കേന്ദ്രത്തിന് കീഴിലുള്ള ടെലിവിഷൻ ചാനലായ 'ദൂരദർശനോട്' നിർദേശിച്ചിരുന്നു.
ഇതേതുടർന്ന് രാജ്യത്തെ ഏതാനും സ്വകാര്യ ചാനലുകളും ഇതിനായി സന്നദ്ധത അറിയിച്ചുകൊണ്ട് മുന്നോട്ട് വന്നിരുന്നു. മുൻകാലങ്ങളിൽ വ്യത്യസ്തമായി ഇന്ത്യ ഈ ശക്തമായ നിലപാടെടുക്കാൻ ഇന്ത്യ തീരുമാനിച്ചതിനു പിന്നിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ആണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപുതന്നെ ഇക്കാര്യം സംബന്ധിച്ച് ഡെപ്യൂട്ടി എൻ.എസ്.എ ആയ രജീന്ദർ ഖന്ന, വിദേശ. ആഭ്യന്തര മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർക്ക് പ്രപ്പോസൽ കൈമാറിയിരുന്നു.
ഇന്ത്യയുടെ ഇന്റലിജൻസ് സ്ഥാപനങ്ങളായ റോ(റീസേർച്ച് ആൻഡ് അനാലിസിസ് വിങ്), കേന്ദ്ര ഇന്റലിൻസ് ബ്യൂറോ എന്നിവർക്കും ഈ പ്രപ്പോസൽ ലഭിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഈ പ്രപ്പോസലിന് അംഗീകാരം ലഭിച്ചത്. തുടർന്ന് ഇക്കാര്യം സംബന്ധിച്ച് നിരവധി ചർച്ചകളും നടന്നിരുന്നു. ഈ തീരുമാനം എന്തൊക്കെ തരം സന്ദേശങ്ങളാണ് പുറത്തുവിടുക എന്നത് സംബന്ധിച്ച് അജിത് ഡോവൽ ചില കാര്യങ്ങൾ പറഞ്ഞതായി കേന്ദ്ര സർക്കാരിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറയുന്നുണ്ട്.
'ഇതെന്റെ ഏരിയയാണ്. അതിൽ ഞാൻ പരമാധികാരം ഉറപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ്' എന്നതാണ് പാകിസ്ഥാനെ ലക്ഷ്യംവച്ച് രാജ്യം പുറത്തുവിടുന്ന പ്രധാന സന്ദേശമെന്ന് അജിത് ഡോവൽ വ്യക്തമാക്കിയതായും ഈ ഉദ്യോഗസ്ഥൻ പറയുന്നു. പാക് അധീന കാശ്മീരിലെ വടക്കൻ പ്രദേശങ്ങളിൽ(ഗിൽജിത്-ബാൾട്ടിസ്താൻ) തിരഞ്ഞെടുപ്പ് നടത്താൻ പാകിസ്ഥാൻ സുപ്രീം കോടതി അടുത്തിടെ പാക് ഭരണകൂടത്തിന് അനുമതി നൽകിയിരുന്നു. നിയമവിരുദ്ധമായ ഈ തീരുമാനത്തിനുള്ള ശക്തമായ മറുപടിയുടെ ഭാഗമാണ് ഇന്ത്യയുടെ ഈ പുതിയ നീക്കവും.