തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിൽ അകപ്പെട്ടുപോയ മലയാളികളെ നാട്ടിലെത്തിക്കുന്ന ദൗത്യം ഏകോപനത്തിന്റെ അഭാവം കാരണം ഫലപ്രദമാകുന്നില്ല. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ തമ്മിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലും ഏകോപനമില്ലാത്തതാണ് പാളിച്ചയ്ക്ക് കാരണം. സംസ്ഥാന സർക്കാരിന്റെ വാക്കുവിശ്വസിച്ച് നോർക്കയിൽ പേര് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുൾപ്പെടെ 2.02 ലക്ഷം പേരാണ് നാട്ടിലേക്ക് മടങ്ങാനാകാതെ നരകിക്കുന്നത്. ചില സ്ഥലങ്ങളിൽ കുടുങ്ങിയവർക്ക് ആവശ്യമായ ഭക്ഷണം പോലും ലഭിക്കുന്നില്ല. ആദ്യം സ്വകാര്യ വാഹനങ്ങളും പിന്നീട് കോൺട്രാക്ട് കാരേജ് ബസുകളിലും യാത്ര ചെയ്യാൻ അനുവദിച്ച സർക്കാർ ഇപ്പോൾ സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതു പോലും വിലക്കിയിരിക്കുകയാണ്.
ആഭ്യന്തര, റവന്യൂ, ഗതാഗത വകുപ്പുകളുടെ ഏകോപനമില്ലാത്തതാണ് അന്യസംസ്ഥാനത്തുനിന്നുള്ള സ്വന്തം നാട്ടുകാരെ എത്തിക്കാൻ കഴിയാതെ പോയത്. എളുപ്പമാർഗമായ ട്രെയിനിൽ എത്തിക്കുന്നതിന് ഇതുവരെ റെയിൽവേ മേഖലാ ഓഫീസുകളുമായി സംസ്ഥാന സർക്കാർ ബന്ധപ്പെട്ടിട്ടില്ല. ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ ഉത്തര റെയിൽവേയെയാണ് ബന്ധപ്പെടേണ്ടത്. ബംഗളൂരു നിന്നുള്ളവരെ എത്തിക്കാൻ ദക്ഷിണ, മദ്ധ്യ റെയിൽവേയെയും ചെന്നൈയിൽ നിന്ന് എത്തിക്കാൻ ദക്ഷിണ റെയിൽവേയെയുമാണ് ബന്ധപ്പെടേണ്ടത്. അതുണ്ടായിട്ടില്ല. സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് റെയിൽവേ മന്ത്രാലയവും ഒഴിഞ്ഞു നിൽക്കുകയാണ്.
കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര ബസുകൾ പ്രത്യേക സർവീസ് നടത്തുക എന്നതാണ് മറ്റൊരു മാർഗം. എന്നാൽ, സാമൂഹ്യ അകലം പാലിച്ച് സർവീസ് നടത്തുമ്പോൾ ഉണ്ടാകുന്ന അധിക ചെലവ് വഹിക്കാൻ സംസ്ഥാന സർക്കാർ തയ്യാറല്ല. അധിക ചെലവ് നികത്താൻ യാത്രാചാർജ് കൂട്ടിയാൽ പ്രതിഷേധം ഉണ്ടാകുമെന്ന് കരുതി അതിനും തയ്യാറാകുന്നില്ല. മറ്റു സംസ്ഥാനങ്ങളിലെ മലയാളികളുടെ മടക്കവുമായി ബന്ധപ്പെട്ട് ഓരോ സംസ്ഥാനത്തിനും ഓരോ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ഇവരുടെ മൊബൈൽ നമ്പരുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഈ നമ്പരുകളിൽ വിളിക്കുമ്പോൾ കാൾ സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
സംസ്ഥാന സർക്കാർ പ്രവേശന പാസ് അനുവദിച്ചാലും യാത്രാക്കൂലിയായി വൻതുക നൽകാനുള്ള സ്ഥതിയൊന്നും മിക്കവർക്കും ഇല്ല. ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് ബസ് യാത്ര കൂലിയായി ആവശ്യപ്പെട്ടത് മൂന്നു ലക്ഷം രൂപയാണെന്ന് അവിടെ കുടുങ്ങി കിടക്കുന്നവർ പറഞ്ഞു. ഏതു സംസ്ഥാനത്തു നിന്നായാലും അതിർത്തി കടന്ന് വാഹനമോടിച്ചാൽ തിരികെ എത്തി 14 ദിവസം നിരീക്ഷണത്തിൽ കഴിയണം. അതുകൊണ്ടുതന്നെ കൊല്ലുന്ന യാത്രാക്കൂലിയാണ് ഈടാക്കുന്നത്. ഇത് തടയാൻ അതത് സംസ്ഥാന സർക്കാരുകൾ തയ്യാറാകുന്നുമില്ല.
''സംസ്ഥാനത്തേക്ക് സ്പെഷ്യൽ ട്രെയിൻ ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്ക് നേരത്തെ തന്നെ കത്തയച്ചതാണ് ''
- മന്ത്രി ജി. സുധാകരൻ