covid-

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ മുന്നിൽ മുംബയ്‌യും അഹമ്മദാബാദും അടക്കമുള്ള എട്ട് നഗരങ്ങളെന്ന് റിപ്പോർട്ട്. മുംബയ് (മഹാരാഷ്ട്ര), ഡൽഹി , അഹമ്മദാബാദ് (ഗുജറാത്ത്) എന്നീ നഗരങ്ങളാണ് പട്ടികയില്‍ ആദ്യമൂന്ന് സ്ഥാനങ്ങളിലുള്ളതെന്ന് സംസ്ഥാനങ്ങൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന കൊവിഡ് കേസുകളില്‍ 42 ശതമാനവും ഇവിടങ്ങളില്‍ നിന്നാണ്.

പൂന (മഹാരാഷ്ട്ര), താനെ (മഹാരാഷ്ട്ര), ഇന്‍ഡോര്‍ (മദ്ധ്യപ്രദേശ്), ചെന്നൈ (തമിഴ്‌നാട്), ജ‌യ്പൂര്‍ (രാജസ്ഥാന്‍) എന്നീ നഗരങ്ങളാണ് പട്ടികയിലെ മറ്റ് അഞ്ച് നഗരങ്ങള്‍.

കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതും മുംബയ്, അഹമ്മദാബാദ്, ഡൽഹി എന്നിവിടങ്ങളിലാണ്. ജയ്പൂരിലും ഇന്‍ഡോറിലും സമാനമായ പ്രവണതയാണ് അതേസമയം ചെന്നൈ, താനെ, പൂന എന്നിവിടങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിൽ താരതമ്യേന കൂടുതല്‍ ദിവസങ്ങളും എടുത്തിട്ടുണ്ട്. ഇവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ സമീപദിവസങ്ങളില്‍ നേരിയ കുറവ് സംഭവിച്ചതും ആശ്വാസത്തിന് വക നല്‍കുന്നുണ്ട്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം കുറഞ്ഞ തോതിലാണുള്ളത്. ത്രിപുര, അസം, മേഘാലയ, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, മിസോറാം എന്നിവിടങ്ങളില്‍ നിന്നായി ആകെ 135 കേസുകളേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. നാഗാലാന്റിലും സിക്കിമിലും ഒരു കേസ് പോലും ഇതുവരെ ഉണ്ടായിട്ടില്ല.