പത്തനംതിട്ട: സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺഗ്രസുകാർ തമ്മിൽ തല്ലി. തിരുവല്ല വൈദ്യുതി ഭവന് മുന്നിലായി പ്രതിഷേധിക്കാനെത്തിയ പാർട്ടി യുവജനവിഭാഗം പ്രവർത്തകരാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്യുന്ന കാര്യത്തെച്ചൊല്ലി തമ്മിൽത്തല്ലിയത്.
ഒടുവിൽ യൂത്ത് കോൺഗ്രസുകാരുടെ കൂട്ടത്തല്ലിൽ പാർട്ടിയുടെ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാലയുടെ തലയ്ക്ക് പരിക്കേൽക്കുകയാണ് ഉണ്ടായത്. സഹസംഘടനാ നേതാക്കൾ തന്നെയാണ് വിശാഖിന്റെ തലയടിച്ച് പൊട്ടിച്ചത്.
'കൊവിഡ് കാലത്തും ജനങ്ങളെ കൊള്ളയടിക്കുകയാണ് സർക്കാർ, ഒറ്റക്കെട്ടായി പ്രതിഷേധിക്കുക പ്രതികരിക്കുക' എന്നെ മുദ്രാവാക്യത്തിന്റെ പിൻബലത്തോടെയാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിക്കാനായി എത്തിയത്.
എന്നാൽ അധികം ജില്ലാ വൈസ് പ്രസിഡന്റാണോ, ബ്ളോക്ക് പ്രസിഡന്റാണോ ഉദ്ഘാടനം നടത്തേണ്ടതെന്ന് കാര്യത്തിൽ പാർട്ടി പ്രവർത്തകർ തമ്മിൽ തർക്കങ്ങൾ ആരംഭിക്കുകയും അത് കൂട്ടത്തല്ലിലേക്ക് രൂപാന്തരം പ്രാപിക്കുകയുമായിരുന്നു.
ബ്ലോക്ക് പ്രസിഡന്റായ ജാസ് പോത്തനും കൂട്ടാളി ഷൈലുവുമാണ് അക്രമിച്ചതെന്ന് വിശാഖ് വെൺപാലയും മറ്റ് സഹപ്രവർത്തകരും ആരോപിക്കുന്നു. സംഘർഷത്തിനിടെ തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചാണ് വിശാഖിനെ ചികിത്സിച്ചത്. ഇദ്ദേഹത്തിന്റെ തലയിലെ മുറിവിൽ മൂന്ന് തുന്നിക്കെട്ടലുകളാണ് ആവശ്യമായി വന്നത്.
തുടർന്ന് സഹപ്രവർത്തകർ ആരോപിച്ചുവെന്ന് കാട്ടികൊണ്ട് ഇവർ തിരുവല്ല പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഏതായാലും പാർട്ടി നേതാക്കൾ തമ്മിൽ ഏറ്റുമുട്ടിയത് സംഘടനയ്ക്ക് വൻ നാണക്കേടാണ് സൃഷ്ടിച്ചിരിക്കുന്നത്.