pakistan

ഇസ്ലാമബാദ്: പാക് അധീന കാശ്മീരിലെ പ്രദേശങ്ങളിൽ കൂടി ഇന്ത്യ കാലാവസ്ഥാ നിരീക്ഷണം നടത്തുന്നതിനെതിരെ എതിർപ്പുമായി പാകിസ്ഥാൻ. പ്രദേശങ്ങളുടെ പദവിയെ സംബന്ധിച്ച് ഇന്ത്യ തീരുമാനം കൈക്കൊള്ളുന്നത് നിയമവിരുദ്ധമാണെന്നും ഇന്ത്യയുടെ നീക്കം ഐക്യരാഷ്ട്ര സഭയുടെ പ്രമേയങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് പാകിസ്ഥാൻ ആരോപിക്കുന്നത്.ഈ പ്രദേശങ്ങളെ ഉൾപ്പെടുത്തി ഇന്ത്യ മാപ്പുകൾ നിർമിച്ചത് വസ്തുതകൾക്ക് വിരുദ്ധമായാണെന്നും പാകിസ്ഥാൻ ഫോറിൻ ഓഫീസ് പുറത്തിറക്കിയ കുറിപ്പിൽ ആരോപിക്കുന്നു.

പാകിസ്ഥാൻ കൈയ്യടക്കി വച്ചിരിക്കുന്ന കശ്മീരിലെ പ്രദേശങ്ങൾ കൂടി കാലാവസ്ഥാ പ്രവചനം നടത്താൻ ഉദ്ദേശിക്കുന്ന സഥലങ്ങളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്(ഐ.എം.ഡി) ഉൾപ്പെടുത്തിയിരുന്നു. ഈ തീരുമാനത്തോടെ കാലാകാലങ്ങളായി പിന്തുടർന്നുവന്ന ശീലത്തിനാണ് കാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തുന്നത്.

ഇതിനോടനുബന്ധിച്ച്, പാക് അധീന കാശ്മീരിലെ പ്രദേശങ്ങളിൽ നിന്നുമുള്ള കാലാവസ്ഥാ പ്രവചനങ്ങൾ കൂടി വാർത്തകളിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ, കേന്ദ്രത്തിന് കീഴിലുള്ള ടെലിവിഷൻ ചാനലായ 'ദൂരദർശനോട്' നിർദേശിച്ചിരുന്നു. ഇതേതുടർന്ന് രാജ്യത്തെ ഏതാനും സ്വകാര്യ ചാനലുകളും ഇതിനായി സന്നദ്ധത അറിയിച്ചുകൊണ്ട് മുന്നോട്ട് വന്നിരുന്നു. ഇതുവരെ പാക് അധീന കാശ്മീരിലെ പ്രദേശങ്ങളിലെ കാലാവസ്ഥ പ്രവചനം ഇന്ത്യ ഒഴിവാക്കുകയാണ് ചെയ്തിരുന്നത്.