കൊച്ചി: 177 യാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള ബഹ്‌റൈനിൽനിന്നുമുള്ള വിമാനം കൊച്ചി- നെടുമ്പാശേരി വിമാനത്തലവത്തിലെത്തി. 30 ഗർഭിണികളടക്കം 177 യാത്രക്കാരും അഞ്ച് കൈക്കുഞ്ഞുങ്ങളുമാണ് വിമാനത്തിലുള്ളത്. 74 പുരുഷൻമാരും 15 ആൺകുട്ടികളും 78 വനിതകളും 10 പെൺകുട്ടികളുമടങ്ങുന്ന സംഘമായിരുന്നു വിമാനത്തിലെ യാത്രക്കാർ. 11.30യോട് അടുത്താണ് വിമാനം നെടുമ്പശേരിയിൽ ഇറങ്ങിയത്.
ബഹ്‌റൈൻ-കൊച്ചി വിമാനത്തിൽ എറണാകുളത്ത് നിന്നും 35, തൃശൂരിൽ നിന്ന് 37, കോട്ടയം 23, ആലപ്പുഴ 14, ബെംഗളുരു 3, ഇടുക്കി 7, കണ്ണൂർ 2, കാസർകോട്, മധുര, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് 1 വീതം, കൊല്ലം 10, കോഴിക്കോട് 4, മലപ്പുറം 5, പാലക്കാട് 15, പത്തനംതിട്ട 19 എന്നിങ്ങനെയായിരുന്നു യാത്രക്കാർ.
അടിയന്തര ചികിത്സാ ആവശ്യവുമായി നാട്ടിലേയ്ക്കു വരണമെന്നാവശ്യപ്പെട്ട് എത്തുന്നത് ഇവരിൽ നാലു പേരാണ്. സന്ദർശക വിസയിൽ ഗൾഫിലേക്ക് പോയവരാണ് യാത്രക്കാരിൽ രണ്ടു പേർ. അടിയന്തര ചികിത്സയ്ക്ക് എത്തുന്നവരെ ആശുപത്രിയിലേയ്ക്കും ഗർഭിണികളെയും പ്രായമായവരെയും കുട്ടികളെയും വീടുകളിലേക്കാണ് അയക്കുക. ബാക്കിയുള്ളവരെ എറണാകുളത്തും വിവിധ കേന്ദ്രങ്ങളിലുമായി സജ്ജമാക്കിയ ഇടങ്ങളിലേക്ക് ക്വാറന്റീനിൽ പ്രവേശിപ്പിക്കും.