covid-death

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,75,000 പിന്നിട്ടു. നാൽപത് ലക്ഷത്തിലധികം പേർക്കാണ് ഇതിനോടകം തന്നെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. കഴിഞ്ഞ 24 മണിക്കൂറിനിടെ യു.എസിൽ 1635 പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 77,178 ആയി ഉയർന്നു. വൈറ്റ് ഹൗസിലെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് അമേരിക്കയിലാണ്. 13 ലക്ഷത്തിലധികം പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. രണ്ട് ലക്ഷത്തിലധികം പേർ രോഗമുക്തി നേടി. അതേസമയം, ചൈനയെ വിമർശിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം വീണ്ടും രംഗത്ത് എത്തി. കൊവിഡ് 19 ലോകമെമ്പാടും വ്യാപിക്കുന്നതിന് കാരണം ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ വലിയ തെറ്റോ അല്ലെങ്കിൽ ചൈനയുടെ കഴിവില്ലായ്മയോ ആണെന്ന് ട്രംപ് കുറ്റപ്പെടുത്തി.

അമേരിക്കയെപ്പോലെതന്നെ ഇറ്റലിയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ മുപ്പതിനായിരം പിന്നിട്ടു. ബ്രസീലിൽ കഴിഞ്ഞ ദിവസം 800ൽ കൂടുതലാളുകളാണ് മരിച്ചത്. റഷ്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 180000 പിന്നിട്ടു. അതേസമയം ഇന്ത്യയിൽ 56,000ൽ അധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 1800 കടന്നു.