covid-19

കാസർകോട്: വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവരെ ജില്ലയുടെ തെക്കൻ പ്രദേശങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള കൊവിഡ് കെയർ സെന്ററുകളിൽ ഏഴ് ദിവസം ക്വാറന്റീനിൽ പാർപ്പിക്കും. ഈ പ്രവർത്തനങ്ങളുടെ ഏകോപനത്തിനുള്ള നോഡൽ ഓഫീസറായി സബ് കളക്ടർക്കാണ് ചുമതല. വിദേശങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളിൽ നിന്ന് ക്യാറന്റൈൻ കേന്ദ്രങ്ങളിൽ രോഗ നിർണ്ണയത്തിനായി സ്രവം എടുത്ത് പരിശോധിക്കും.

കൊവിഡ്19 സ്ഥിരീകരിച്ചാൽ ഇവരെ തുടർ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റും. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ എന്നിവരെ വീട്ടിലേക്ക് വിടും. നെഗറ്റീവ് റിസൾട്ടുള്ളവരെ തുടർനിരിക്ഷണത്തിന് ക്വാറന്റീൻ ചെയ്യുന്നതിന് സ്വന്തം വീട്ടിൽ മതിയായ സൗകര്യം ഉളളതായി തദ്ദേശ സ്ഥാപന വാർഡ്തല സമിതിക്ക് ബോദ്ധ്യപ്പെടുന്ന പക്ഷം ഇവരെ സ്വന്തം വീടുകളിലേക്ക് മാറ്റും. അതില്ലാത്ത പ്രവാസികളെ പ്രത്യേകമായി താമസിപ്പിക്കും. ഇതിനായി ജില്ലാ ഭരണകൂടം 380 ലോഡ്ജ് മുറികൾ കണ്ടെത്തിയിട്ടുണ്ട്. മുറികൾക്ക് സർക്കാർ അനുമതിയോടെ പ്രതിദിനം വാടക അനുവദിക്കും. ഇവർക്ക് ഭക്ഷണം എത്തിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് ചുമതല. സ്വന്തമായി വീട് സൗകര്യമില്ലാത്തവർക്കും, വാടക കൊടുക്കാൻ കഴിയാത്തവർക്കും സർക്കാർ ക്വാറന്റീനിൽ കഴിയുന്നതിന് സൗകര്യം ഒരുക്കും.

ഇവർക്ക് ഭക്ഷണം നല്കുന്നതിന് ആളൊന്നിന് പ്രതിദിനം 60 രൂപ (കുട്ടികൾക്ക് 45 രൂപ) സംസ്ഥാന ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിക്കും.

വിമാനത്താവളത്തിൽ നിന്ന് പ്രവാസികളെ ജില്ലയിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിന് പ്രത്യേകം കെ. എസ്. ആർ.ടി സി ബസുകൾ ക്രമീകരിക്കുന്നതിന് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ, ആർ.ടി.ഒ എന്നിവരെ കളക്ടർ ചുമതലപ്പെടുത്തി. ബസുകളിൽ പരമാവധി 24 പേരെ മാത്രമേ കയറ്റുകയുള്ളൂ. ഇതരസംസ്ഥാനത്ത് നിന്ന് എത്തുന്നവരെ വടക്ക് പാർപ്പിക്കും.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവരെ ജില്ലയുടെ വടക്കു ഭാഗത്ത് സജ്ജീകരിച്ചിട്ടുള്ള കൊവിഡ് കെയർ സെന്ററുകളിൽ ക്വാറന്റൈനിൽ പാർപ്പിക്കും. ഈ പ്രവർത്തനങ്ങളുടെ ഏകോപനത്തിനുള്ള നോഡൽ ഓഫീസറായി കാസർകോട് ആർ.ഡി.ഒയെ ചുമതലപ്പെടുത്തി. അന്യസംസ്ഥാനങ്ങളിൽനിന്നു ജില്ലയിലെത്തുന്നവരെ പരിശോധിക്കുന്നതിനും വിവരങ്ങൾ ക്രോഡികരിച്ച് ബന്ധപ്പെട്ടവർക്ക് അതത് അവസരങ്ങളിൽ കൈമാറുന്നതിനും ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ, നാഷണൽ ഇൻഫർമാറ്റിക്സ് ഓഫീസർ എന്നിവരെയും ചുമതലപ്പടുത്തി.

ജില്ലയിലേക്ക് എത്തുന്നവരുടെ വിവരങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾക്കും ഡി എം ഒ ക്കും കൈമാറും. മറ്റു ജില്ലക്കാരുടെ വിവരങ്ങൾ രാവിലെ പത്തിനും വൈകുന്നേരം അഞ്ചിനും അതത് ജില്ലകൾക്കും സംസ്ഥാന കൊവിഡ്19 വാർ റൂമിനും കൈമാറും. ജില്ലയിലേക്ക് എത്തുന്നവരിൽ രോഗ ലക്ഷണം കാണിക്കുന്നവരുടെ സ്രവം എടുത്ത് പരിശോധനയ്ക്ക് അയക്കുകയും ജില്ലക്കാരായവരെ പ്രത്യേക ആംബുലൻസുകളിൽ ആശുപത്രികളിലെത്തിക്കും.