കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ മറ്റെല്ലാവരേയും പോലെ തമിഴ് നടന്‍ ചിമ്പുവും വീടിനുള്ളില്‍ കഴിയുകയാണ്. മനാട് എന്ന തന്റെ പുതിയ ചിത്രത്തിൽ അഭിനയിച്ചു വരുന്ന സമയത്താണ് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസം തന്റെ ആരാധകന് കൊവിഡ് സ്ഥിരീകരിച്ചതറിഞ്ഞ് ചിമ്പു ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു എന്നാണ് പുതിയ വാർത്ത.കടലൂരിലെ ചിമ്പുവിന്റെ ഫാന്‍സ് ക്ലബ് പ്രസിഡന്റ് ആനന്ദനാണ് കൊവിഡ് ബാധിച്ചത്. ഒരാഴ്ചയായി ആനന്ദന്‍ കടലൂരിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്.
വാര്‍ത്തയറിഞ്ഞ ചിമ്പു നേരിട്ട് ആനന്ദനുമായി ഫോണില്‍ സംസാരിക്കുകയും അദ്ദേഹത്തിന്റെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കുകയും വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആശംസിക്കുകയും ചെയ്തു. ക്ഷമയോടെ കാത്തിരിക്കണമെന്നും ഈ പരീക്ഷണ സമയങ്ങളില്‍ ആത്മവിശ്വാസം നഷ്ടപ്പെടരുതെന്നും ചിമ്പു തന്റെ ആരാധകനെ ഉപദേശിച്ചു. ആപത്ത് സംഭവിച്ച തന്റെ ആരാധകനെ വിളിച്ച് ക്ഷേമാന്വേഷണം നടത്തിയ ചിമ്പുവിന് സോഷ്യല്‍ മീഡിയയ്ക്ക് അകത്തും പുറത്തും അഭിനന്ദന പ്രവാഹമാണ്.
ആരാധകര്‍ക്ക് നന്ദി പറയാനുള്ള ഒരു അവസരവും ചിമ്പു നഷ്ടപ്പെടുത്താറില്ല. നിരവധി അഭിമുഖങ്ങളില്‍ "എന്റെ ആരാധകരില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല. എനിക്ക് സിനിമകളില്ലാത്തപ്പോഴും അവരുടെ നിരന്തരമായ സ്നേഹവും പിന്തുണയുമാണ് എന്നെ സമാധാനത്തോടെയും സംതൃപ്തിയോടെയും ജീവിക്കാന്‍ സഹായിച്ചത്."എന്ന് ചിമ്പു പറയാറുണ്ട്..