കാഠ്മണ്ഡു : നേപ്പാളിലെ കൊവിഡ് രോഗികളുടെ എണ്ണം 109 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴ് പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കുറവ് കൊവിഡ് രോഗികളുള്ള രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഹിമാലയൻ രാജ്യമായ നേപ്പാൾ. രണ്ട് കുട്ടികളും 22 വയസുള്ള ഒരാളും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ഇന്ത്യൻ പൗരൻ ഉൾപ്പെടെ 8 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ആകെ 30 പേരാണ് ഇതേവരെ നേപ്പാളിൽ രോഗമുക്തരായത്. 72 രോഗികൾ ചികിത്സയിൽ തുടരുന്നുണ്ടെങ്കിലും ആരുടെയും നില ഗുരുതരമല്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സഹായത്തോടെയാണ് നേപ്പാൾ കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. ജർമനി 3,000 കൊവിഡ് ടെസ്റ്റ് കിറ്റുകൾ കഴിഞ്ഞ ദിവസം നേപ്പാളിന് കൈമാറിയിരുന്നു. ഇതേവരെ കൊവിഡ് മരണങ്ങൾ നേപ്പാളിൽ രേഖപ്പെടുത്തിയിട്ടില്ലെന്നത് ആശ്വാസമാണ്. കഴിഞ്ഞ ദിവസം മുതൽ നേപ്പാളിൽ പാലർമെന്റ് സമ്മേളനം തുടങ്ങിയതിനാൽ എല്ലാ അംഗങ്ങളെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. 434 അംഗങ്ങളെ വ്യാഴാഴ്ച കൊവിഡ് ടെസ്റ്റിന് വിധേയമാക്കുകയും എല്ലാവരുടെയും ഫലം നെഗറ്റീവാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.