കൊച്ചി :കൊച്ചിയിൽ ഇന്നും നാളെയുമായി എത്തുക ആയിരത്തിലധികം പ്രവാസികൾ. രണ്ട് വിമാനങ്ങളിലും ഒരു കപ്പലിലുമായാണ് പ്രവാസികൾ സ്വന്തം രാജ്യത്തേക്ക് മടങ്ങി എത്തുന്നത്. ഇവരെ സ്വീകരിക്കാൻ ജില്ലാ ഭരണകൂടം വിപുലമായ തയ്യാറെടുപ്പാണ് സ്വീകരിച്ചിരിക്കുന്നത്. പ്രവാസികളെ നാട്ടിലെത്തിക്കാൻ കേരളത്തിൽ നിന്നു ഇന്ന് രണ്ട് എയർഇന്ത്യ വിമാനങ്ങൾ യാത്രതിരിക്കും. കുവൈറ്റ്, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങൾ പറക്കുന്നത്. കുവൈറ്റിലേക്കുള്ള വിമാനം കൊച്ചിയിൽ നിന്ന് രാവിലെ പത്തിന് പുറപ്പെടും. ഈ വിമാനം രാത്രി 9.15ന് കൊച്ചിയിൽ മടങ്ങിയെത്തും. മസ്‌കറ്റ് വിമാനം ഉച്ചയ്ക്ക് ഒന്നിന് കൊച്ചിയിൽ നിന്നു യാത്രതിരിക്കും. രാത്രി 8.50ന് തിരിച്ചെത്തും. അതേസമയം റദ്ദാക്കിയ ദോഹ കൊച്ചി വിമാന സർവീസ് സംബന്ധിച്ച തീരുമാനത്തിൽ വ്യക്തത വന്നിട്ടില്ല.
മാലിദ്വീപിലെ പ്രവാസികളുമായുള്ള ആദ്യ കപ്പൽ ഐ.എൻ.എസ് ജലാശ്വ നാളെ തീരം തൊടും. രാവിലെ 10.30ഓടെ കൊച്ചി തുറമുഖത്ത് കപ്പൽ എത്തിച്ചേരും. ഇന്നലെ രാത്രിയാണ് കപ്പൽ മാലിദ്വീപിൽ നിന്ന് കൊച്ചിയിലേക്ക് തിരിച്ചത്. ലോക്ക് ഡൗണിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ നാവികസേന അയച്ച രണ്ടുകപ്പലുകളിൽ ആദ്യത്തേതാണിത്. 18 ഗർഭിണികളും 14 കുട്ടികളും ഉൾപ്പടെ 698 യാത്രക്കാരാണ് കപ്പലിലുള്ളത്.വ്യാഴാഴ്ചയാണ് കപ്പൽ മാലി തുറമുഖത്തെത്തിയത്. മാലി എയർപോർട്ടിൽ സുരക്ഷാപരിശോധനകൾക്കുശേഷമാണ് യാത്രക്കാരെ തുറമുഖത്തെത്തിച്ചത്.മലയാളികൾക്കൊപ്പം ഇതരസംസ്ഥാനങ്ങളിലുളളവരും കപ്പലിലുണ്ട്. മാലി വിമാനത്താവളത്തിൽ ഒരു ദിവസം നീണ്ടു നിന്ന നടപടികൾക്ക് ശേഷമാണ് യാതക്കാരെ ബസിൽ തുറമുഖത്തേക്ക് എത്തിച്ചത്. നാവികസേനയുടെ തന്നെ ഐ.എൻ.എസ് മഗർ എന്ന കപ്പൽ കൂടി മാലിദ്വീപിൽ എത്തുന്നുണ്ട്. വിശദപരിശോധനയ്ക്ക് ശേഷം ഇവരെ ജില്ലാ ഭരണകൂടം തയ്യാറാക്കിയ ക്വാറൈന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റും.
ഗ്രീൻ സോൺ മാറും ?
എറണാകുളം ജില്ലയിൽ പുതുതായി ഒരു കൊവിഡ് കേസ് കൂടി റിപ്പോർട്ട് ചെയ്തതോടെ, കേന്ദ്ര ഗ്രീൻ സോണിലുള്ള ജില്ലയുടെ നിറം മാറിയേക്കും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരാണ് തീരുമാനം എടുക്കേണ്ടത്. പുതിയ നിർദ്ദേശം ഉടൻ വന്നേക്കും. അതേസമയം,എറണാകുളം ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച ചെന്നൈ സ്വദേശിനി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ആലുവയിലെ സ്വകാര്യ ആശുപത്രിയിലാണ് 30 വയസുകാരി ചികിത്സയിൽ തുടരുന്നത്.
ചെന്നൈയിൽ സ്ഥിരതാമസക്കാരിയായ ഇവർ ഇവിടെ എത്തിയത് കഴിഞ്ഞ ആറാം തീയതിയാണ്. വൃക്കസംബന്ധമായ ചികിത്സയ്ക്കു റോഡ് മാർഗം എത്തിയതാണ് ഇവർ. അന്നു തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആകുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ മറ്റുള്ളവരിലേക്കു സംക്രമണത്തിനുള്ള സാദ്ധ്യത വളരെ കുറവാണെന്നാണു വിലയിരുത്തൽ.
അതേസമയം ഇവരുമായി അടുത്ത് ഇടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൊവിഡ് ലക്ഷണങ്ങളൊന്നും ഇവർക്ക് ഉണ്ടായിരുന്നില്ല.ഇന്ന് എറണാകുളം ജില്ലയിൽ 361 പേരെയാണ് ആകെ നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. നിരീക്ഷണ കാലയളവ് അവസാനിച്ച 13 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 820 ആയി. ഇവരിൽ 10 പേർ ഹൈറിസ്‌ക്ക് വിഭാഗത്തിലും, 810 പേർ ലോ റിസ്‌ക് വിഭാഗത്തിലുമാണ്.ഇതര സംസ്ഥനങ്ങളിൽ നിന്ന് ഇതു വരെ റോഡ് മാർഗം ജില്ലയിലേക്ക് എത്തിയത് 1280 പേരാണ്. ഇതിൽ റെഡ് സോൺ മേഖലയിൽ പെട്ട സ്ഥലങ്ങളിൽ നിന്നെത്തിയ 160 പേരെ കണ്ടെത്തി പാലിശ്ശേരി എസ്.സി.എം.എസ് ഹോസ്റ്റലിലും കളമശേരിയിലെയും കാക്കനാട്ടെയും രാജഗിരി കോളേജ് ഹോസ്റ്റലുകളിലും കൊവിഡ് കെയർ സെൻററുകളിലേക്കും മാറ്റി.ജില്ലയിലെ കൊവിഡ് കെയർ സെന്ററുകളായ സർക്കാർ ആയുർവേദ കോളജ്, തൃപ്പൂണിത്തുറ, കളമശ്ശേരി രാജഗിരി കോളജ് ഹോസ്റ്റൽ, കാക്കനാട് രാജഗിരി കോളജ് ഹോസ്റ്റൽ, പാലിശേരി എസ്.സി.എം.സ് ഹോസ്റ്റൽ, മുട്ടം എസ്.സി.എം.സ് ഹോസ്റ്റൽ എന്നിവിടങ്ങളിലായി 216 പേരാണ് നിരീക്ഷണത്തിലുള്ളത്.