covid-19

മിലാൻ: കൊവിഡിനെ പ്രതിരോധിക്കാൻ ലോകത്ത് ആദ്യം ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഇറ്റലി ലോകത്ത് ആദ്യമായി ലോക്ക് ഡൗണിൽ ഇളവ് വരുത്താനും ഒരുങ്ങുന്നു. രണ്ടും കൽപ്പിച്ചാണ് ഇറ്റലിയുടെ പുറപ്പാട്. ഇളവുമായി സർക്കാർ മുന്നോട്ട് പോകാനൊരുങ്ങുമ്പോൾ മരണ നിരക്ക് വീണ്ടും കുതിക്കുകയാണ്. രോഗികളുടെ എണ്ണവും കൂടുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങളൊക്കെ ജനങ്ങൾ സ്വയം പിൻവലിച്ചതുപോലെയാണ്. സാമൂഹിക അകലം ആരും പാലിക്കുന്നില്ല, ആരും മാസ്ക്ക് ധരിക്കുന്നില്ല. അപ്പോഴും രോഗം പടർന്നുകൊണ്ടിരിക്കുന്നു, മരണങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു.

ഇറ്റലിയിൽ കൊവിഡ് വീണ്ടും വിളയാട്ടം തന്നെയാണ്. മരണനിരക്ക് 30201ആയി.

യൂറോപ്പ്യൻ യൂണിയൻ രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ബ്രിട്ടനിൽ ഇതിൽ കൂടുതൽ മരണമുണ്ടെങ്കിലും യൂറോപ്പ്യൻ യൂണിയനിൽ അവർ ഉൾപ്പെടാത്തതിനാൽ ഈ മരണനിരക്കിൽപ്പെടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 243 മരണങ്ങളാണ് ഇറ്റലിയിൽ ഉണ്ടായത്.

ലോകത്ത് ഏറ്റവുംകൂടുതൽ കൊവിഡ് മരണങ്ങളുണ്ടായ മൂന്നാമത്തെ രാജ്യമാണ് ഇറ്റലി. അമേരിക്കയും ബ്രിട്ടനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.. ഇതുവരെ 2,17185 പേർക്ക് ഇറ്റലിയിൽ കൊവിഡ് ബാധിച്ചു. മരണം കുതിച്ചുയർന്നിട്ടും ഇറ്റലിയിൽ നിയന്ത്രണങ്ങളെല്ലാം എടുത്തുമാറ്റാൻ ഒരുങ്ങുകയാണ് . ആശുപത്രികൾ നിറഞ്ഞ് കവിഞ്ഞതും മരണ നിരക്ക് വർദ്ധിക്കാൻ കാരണമായി.

യാതൊരുവിധത്തിലുള്ള മുൻകരുതലുകളും സ്വീകരിക്കാതെ ജനങ്ങൾ പുറത്തിറങ്ങി നടക്കുകയാണ്. ഇത് വൈറസിന്റെ രണ്ടാം വരവിന് കാരണമാകുമെന്നാണ് സൂചന.എന്നിട്ടും ഇറ്റലിയിലെ ഭരണാധികാരികൾക്ക് ഒരു കൂസലുമില്ല. അവർ ലോക്ക്ഡൗൺ ഇളവുമായി മുന്നോട്ട് പാേകാനുള്ള നീക്കത്തിലാണ്. ഇത് സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തുന്നത്.