കാസർകോട്: ലോക്ക് ഡൗണിൽ പൂട്ടിയിട്ട കർണാടകയിലെ വിദേശ മദ്യ ശാലകൾ തുറന്നതോടെ കേരളത്തിലേക്ക് കർണ്ണാടക മദ്യത്തിന്റെ ഒഴുക്ക്. കർണ്ണാടകയിലെ ബാറുകളിലും കടകളിലും കെട്ടിക്കിടന്ന മദ്യമാണ് കാസർകോട്ടെ അനധികൃത മദ്യക്കടത്ത് ലോബി രഹസ്യമായി അതിർത്തി കടത്തി കേരളത്തിൽ എത്തിക്കുന്നത്. കൊവിഡ് ഭീഷണിയുടെ പേര് പറഞ്ഞു ആംബുലൻസ് പോലും കടത്തി വിടാതെ അടച്ചിരുന്ന അതിർത്തി കവാടം മദ്യക്കടത്ത് വാഹനങ്ങൾക്ക് മലർക്കെ തുറന്നിടുകയാണ്.
കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ലക്ഷക്കണക്കിന് രൂപയുടെ വിദേശമദ്യമാണ് കാസർകോട് എത്തിയത്. കാസർകോട് ജില്ലാതിർത്തിയായ ആനക്കല്ല്, അഡ്യനടുക്ക എന്നീ പ്രദേശിക റോഡ് വഴിയാണ് വാഹനങ്ങളിൽ വിദേശ മദ്യകടത്ത് സജീവമാക്കിയിരിക്കുന്നത്. ഇവിടെ കാവലിനായി പൊലീസ് ഉണ്ടെങ്കിലും അവരെ 'കുപ്പിയിൽ ' ആക്കിയാണ് മദ്യം കടത്തുന്നത്. കാവൽ ഇല്ലാത്ത ഊടുവഴികൾ, അതിർത്തിയിലെ ഊടുവഴികളിലൂടെയും നടന്നും മദ്യം കടത്തുന്നുണ്ട്.
ഇത്തരം മാഫിയകളെ സഹായിക്കാൻ കർണാടകയിൽ വൈൻ ഷോപ് ഉടമകളും രംഗത്തുണ്ട്. വൻതുക കമ്മീഷൻ പറ്റിയാണ് ലിറ്റർ കണക്കിന് മദ്യം വിൽക്കുന്നത്. കേരളത്തിൽ മദ്യശാല അടച്ചതിനാൽ കർണ്ണാടക മദ്യത്തിന് വൻ ഡിമാന്റാണ്. നാലിരട്ടിയിലധികം വില ഈടാക്കിയാണ് വിൽപന പൊടിപൊടിക്കുന്നത്. അതേസമയം മദ്യ കടത്തിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ച കാസർകോട്ടെ എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് ജില്ലയിൽ മുഴുവൻ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകീട്ട് കാസർകോട് എക്‌സൈസ് റേഞ്ചിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കുഡ്‌ലുവിൽ വച്ച് 25 ലിറ്റർ മദ്യം പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ശരത്തി (28)നെ അറസ്റ്റുചെയ്തു. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ ഉളിയത്തടുക്കയിൽ എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് നടത്തിയ റെയ്ഡിൽ 47.5 ലിറ്റർ വിദേശമദ്യം കണ്ടെത്തി. ഉളിയത്തടുക്കയിലെ ഐ.എ.ഡി ഇന്‍സ്റ്റിറ്റ്യൂട്ടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടിൽ വച്ചാണ് മദ്യം കണ്ടെത്തിയത്.
90 മില്ലീ ലിറ്ററിന്റെ 528 പാക്കറ്റ് കർണാടക മദ്യമാണ് ഇവിടെ ആറ് പെട്ടികളിലാണ് സൂക്ഷിച്ചിരുന്നത്. അതേസമയം പ്രതികളെ കണ്ടെത്താനായില്ല. പ്രിവന്റീവ് ഓഫീസര്‍ ഇ.കെ ബിജോയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. സിവിൽ എക്‌സൈസ് ഓഫീസർമാരായ നിഖിൽ, പവിത്രൻ, പി രാജേഷ്, ഡ്രൈവർ ദിജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കാസർകോട് ടൗൺ പൊലീസ് നടത്തിയ റെയ്ഡിൽ ജീപ്പിൽ സൂക്ഷിച്ച മദ്യം പിടികൂടിയിരുന്നു. പാറക്കട്ട സ്വദേശി കമലേഷ് ആണ് പൊലീസിന്റെ പിടിയിലായത്.