കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം ചൊവ്വാഴ്ച. ദുബായിൽ നിന്നുള്ള എയർ ഇന്ത്യാ വിമാനത്തിൽ 170 ലേറെ പ്രവാസികളാണ് എത്തുക. ചൊവ്വാഴ്ച വൈകീട്ട് 7.10 നാണ് ദുബായിൽ നിന്നുള്ള പ്രവാസികളുമായി വിമാനം എത്തുക. കണ്ണൂർ വിമാനതാവളത്തിലേക്ക് സർവ്വീസ് ഉണ്ടാകില്ലെന്ന പ്രചരണം വ്യാപകമായിരുന്നു. പതിവ് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇതുതന്നെയാണ് പറഞ്ഞത്. എന്നാൽ അന്നുതന്നെ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മുഖ്യമന്ത്രിയുടെ പ്രസ്താവന തിരുത്തിയിരുന്നു. ഒരു സ്വകാര്യ ചാനൽ ചർച്ചയിലാണ് കേന്ദ്രമന്ത്രി മുഖ്യമന്ത്രിയെ തിരുത്തിയത്.
കണ്ണൂർ അടക്കം കേരളത്തിലെ 4 വിമാനതാവളത്തിലേക്ക് പ്രവാസികളെ കൊണ്ടുവരും എന്നായിരുന്നു കേന്ദ്ര മന്ത്രി പറഞ്ഞത്. സാമൂഹിക അലകം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ പുറത്തിറക്കുക. ആരോഗ്യവകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം കൊവിഡ് രോഗ ലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. എമിഗ്രേഷൻ നടപടികൾക്ക് ശേഷം പ്രത്യേക വഴിയിലൂടെയാണ് ഇവരെ ആശുപത്രിയിലെത്തിക്കുക. ഗർഭിണികൾ, ഇവരുടെ ഭർത്താവ്, 14 വയസിനു താഴെയുള്ള കുട്ടികൾ, വയോജനങ്ങൾ എന്നിവരെ വീടുകളിലേക്കും അല്ലാത്തവരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്കും അയക്കും. വിമാനത്താവളത്തിൽ വച്ച് വിശദമായ സ്‌ക്രീനിംഗിനു വിധേയരാക്കും. മടങ്ങിയെത്തുന്ന പ്രവാസികളുടെ വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ ലഗേജുകൾ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങളും വിമാനത്താളത്തിൽ ഒരുക്കിയിട്ടുണ്ട്.
കണ്ണൂർ ജില്ലയിലേക്ക് പോകേണ്ടവരെയും അയൽ ജില്ലക്കാരെയും പ്രത്യേകമായാണ് വിമാനത്തിൽ നിന്ന് പുറത്തേക്ക് ഇറക്കുക. ഓരോ ജില്ലകളിലേക്കും പ്രത്യേകം കെ.എസ്.ആർ.ടി.സി ബസുകളുമുണ്ടാവും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടവർ സ്വന്തം വാഹനത്തിൽ യാത്ര ചെയ്യണം. ഇതിനായി പെയ്ഡ് ടാക്സി സൗകര്യം ലഭിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നേൃതൃത്വത്തിൽ ചേർന്ന യോഗം വിമാനത്താവളത്തിലെ ഒരുക്കങ്ങൾ വിലയിരുത്തി.
കണ്ണൂരിലേക്ക് സർവ്വീസ് തുടങ്ങിയാൽ 70,000 തോളം പ്രവാസികൾക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് കരുതുന്നത്. നാട്ടിലേക്കു മടങ്ങുന്നതിന് നോർക്ക മുഖേന രജിസ്റ്റർ ചെയ്ത 4.42 ലക്ഷം മലയാളികളിൽ 69,179 പേരും കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങാനാണ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്. കണ്ണൂർ ജില്ലയിലെയും കാസർകോട് ജില്ലയുടെ തെക്കൻ ഭാഗങ്ങളിലെയും കോഴിക്കോട് ജില്ലയിൽ വടകര, കുറ്റിയാടി, നാദാപുരം മേഖലയിലെയും ആളുകളാണിവർ. നോർക്ക രജിസ്‌ട്രേഷനു പുറമെ വിദേശ മന്ത്രാലയം ആവശ്യപ്പെട്ടതു പ്രകാരം എംബസികൾക്കു നൽകിയ അപേക്ഷയിലും ഇവർ കണ്ണൂർ വിമാനത്താവളമാണ് തിരഞ്ഞെടുത്തത്.