കുവൈറ്റ്: കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കുവൈറ്റിൽ മുഴുവൻ സമയ കർഫ്യൂ ഏർപ്പെടുത്തി. മേയ് 10 ന് വൈകിട്ട് 4 മുതൽ മേയ് 30 വരെയാണ് നിയന്ത്രണം. സർക്കാർ മേഖലയിൽ അടിയന്തിര സേവന വിഭാഗങ്ങൾ മാത്രം പ്രവർത്തിക്കും .സ്വകാര്യ മേഖല പൂർണമായും അടഞ്ഞു കിടക്കും. പത്രങ്ങൾ, മാഗസിനുകൾ എന്നിവയുടെ വിതരണം ഉണ്ടാകില്ല. പകരം ഓൺലൈൻ പതിപ്പുകൾ ആകാം.
നേരിട്ടുള്ള ഇന്റർവ്യു, വാർത്താസമ്മേളനങ്ങൾ എന്നിവ പാടില്ല. വീഡിയോ കോൺഫറസിംഗ് മാത്രം നടത്താം. വൈകിട്ട് 4:30 മുതൽ 6:30 വരെ റെസിഡൻഷ്യൽ മേഖലകളിൽ വ്യായാമത്തിനായുള്ള നടത്തം അനുവദിക്കും. വാഹനങ്ങൾ ഉപയോഗിക്കാം. ആരോഗ്യമുൻകരുതലുകൾ സ്വീകരിച്ചിരിക്കണം. മാസ്‌ക്ക് ധരിക്കണം. ശാരീരിക അകലം പാലിക്കണം എന്നീ നിർദ്ദേശങ്ങളുണ്ട്.
സ്വദേശികൾക്കും വിദേശികൾക്കും വെബ്‌സൈറ്റിലൂടെ മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് എടുത്ത് ക്യു ആർ കോഡ് ഉപയോഗിച്ച് പർച്ചേസ് നടത്താം.രണ്ട് ബാർകോഡുകൾ ഉപഭോക്താക്കളുടെ മൊബൈൽ ഫോണിലേക്ക് അയക്കും. ഒന്ന് കർഫ്യൂ സമയത്ത് പുറത്തിറങ്ങുന്നതിനും മറ്റൊന്ന് സാധനങ്ങൾ വാങ്ങാനുള്ള സഹകരണ സംഘങ്ങളിലെ അപ്പോയിന്റ്‌മെന്റിനുമാണ്. അതത് സഹകരണ സംഘങ്ങളുടെ പ്രവർത്തന പരിധിക്കകത്ത് താമസിക്കുന്നവർക്ക് മാത്രമാണ് സേവനം പ്രയോജനപ്പെടുത്താനാവുക.
ഫാർമസികൾ, ജംഇയ്യകൾ, ഭക്ഷണശാലകൾ എന്നിവക്ക് ഡെലിവറി സേവനം ആകാം. പെരുന്നാളിനു ശേഷം ഇളവുകൾ ഒഴിവാക്കി സാവധാനം സാധാരണ നിലയിലേക്ക് തിരിച്ചു വരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.