കണ്ണൂർ: എക്സൈസ് നടത്തിയ വിവിധ റെയ്ഡുകളിൽ മദ്യവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് സർക്കിൾ പരിധിയിലെ നെല്ലിയാട്ട് തൃപ്പങ്ങോട്ടൂരിൽ നിന്നും 150 ലിറ്റർ വാഷ് കണ്ടെത്തി. അഞ്ചരക്കണ്ടിയിൽ നിന്ന് 45 ലിറ്റർ വാഷും മുഴക്കുന്ന് കണ്ണിപ്പൊയിലിൽ നിന്നും 135 ലിറ്ററും പിടികൂടി.
ആലക്കോട് ഉദയഗിരി കരിക്കയത്ത് നിന്നും 40 ലിറ്റർ വാഷ് പിടികൂടാനുള്ള ശ്രമത്തിനിടെ പ്രതി അരങ്ങം സ്വദേശി മനോജ് കുമാർ ഓടി രക്ഷപ്പെട്ടു. തളിപ്പറമ്പ് കയ്യേറ്റമല കപ്പണയിൽ നിന്നും രണ്ട് ലിറ്റർ ചാരായവുമായി നെല്ലിപ്പാറ സ്വദേശി രാജു(39) നെ അറസ്റ്റ് ചെയ്തു.കൂടാതെ ഇരിട്ടിയിൽ നിന്നും അഞ്ച് ലിറ്റർ ചാരായവുമായി വയത്തൂർ സ്വദേശി സി.കെ രാജേഷിനെ അറസ്റ്റ് ചെയ്തു.
ഹോം ഡെലിവെറി മാതൃകയിൽ ചാരായ വിൽപ്പന നടത്തുന്നയാളാണ് അറസ്റ്റിലായ ആലക്കോട് രാജു. ആലക്കോട് മേഖലയിൽ ആവശ്യക്കാരിൽ നിന്നും മൊബൈൽ വഴി ഓർഡർ സ്വീകരിച്ച് ചാരായം കുപ്പികളിലാക്കി എത്തിക്കുകയായിരുന്നു. നിരവധി ആളുകളെ കൂലിക്ക് വെച്ച് ചാരായം വാറ്റിയാണ് വിൽപന നടത്തുന്നത്. കൂടുതൽ പ്രതികളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലിറ്ററിന് 1200-1500 രൂപയാണ് വാങ്ങുന്നത്.