ഡൽഹി:- വിജയ് മല്യയിലും നീരവ് മോഡിയിലും മെഹുൽ ചോക്സിയിലുമൊന്നും അവസാനിക്കുന്നില്ല രാജ്യത്തെ പറ്റിച്ച് നാടുവിടുന്ന വൻ സാമ്പത്തിക തിരിമറിക്കാരുടെ കഥകൾ. അത്തരത്തിൽ ഏറ്രവും പുതിയതാണ് ഡൽഹി കേന്ദ്രമായുള്ള ബസ്മതി അരി കയറ്റുമതി കമ്പനി രാംദേവ് ഇന്റർനാഷണലിന്റെത്. എസ്ബിഐ ഉൾപ്പടെ ആറ് ബാങ്കുകളിൽ നിന്നും 400 കോടിയോളം രൂപ വായ്പയെടുത്ത് രാജ്യം വിട്ട കമ്പനി ഡയറക്ടർമാരായ നരേഷ് കുമാർ, സുരേഷ് കുമാർ, സംഗീത പിന്നെ കുറച്ച് പൊതുപ്രവർത്തകർ എന്നിവർക്കെതിരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആണ് സിബിഐയിൽ പരാതിപ്പെട്ടിരിക്കുന്നത്.
മൊത്തം 414 കോടി രൂപയാണ് ബാങ്കുകളിൽ നിന്ന കടമെടുത്തത്. ഏറ്റവും കൂടുതൽ എസ്ബിഐയിൽ നിന്നാണ് -173.11 കോടി. മറ്റ് ബാങ്കുകൾ ഈ ക്രമത്തിലാണ് കാനറാ ബാങ്ക്- 76.09 കോടി. യൂണിയൻ ബാങ്കിൽ നിന്ന് 64.31 കോടി. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 51.31 കോടി.കോർപ്പറേഷൻ ബാങ്കിൽ നിന്ന് 36.91 കോടി. ഐഡിബിഐയിൽ നിന്ന് 12.27 കോടി. ബാങ്കിന്റെ പരാതിയിൽ സിബിഐ കേസെടുത്തു.വ്യാജ ആധാരം ചമയ്ക്കൽ, വഞ്ചന, അഴിമതി ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. വായ്പ തിരിച്ചടവ് മുടങ്ങിയ ശേഷം എസ്ബിഐ ഹരിയാന പൊലീസുമായി ചേർന്ന് കമ്പനിയിൽ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ വർഷം ഉടമകളെ കാണാതായതായി സ്ഥിരീകരിച്ചു. 2018 ഡിസംബറിൽ കമ്പനി ഡയറക്ടർമാർ വിദേശത്തേക്ക് കടന്നതായി വിവരം ലഭിച്ചു.
മുസ്സാഡി ലാൽ കൃഷ്ണ ലാൽ എന്ന മറ്റൊരു കമ്പനിയിലേക്കുള്ള അടവ് തുകയായ 30 ലക്ഷം രൂപ മുടങ്ങിയതിനെ തുടർന്ന് ദേശീയ കമ്പനി നിയമ ട്രിബ്യൂണലിൽ ഒരു കേസ് വന്നതോടെയാണ് ഇവർ നാടുവിട്ടതായി ഉറപ്പിച്ചത്. എന്നാൽ എസ്ബിഐ പരാതിയുമായി സിബിഐയെ സമീപിക്കും മുൻപ് തന്നെ കമ്പനിയുടെ ആസ്തികൾ പലർക്കും രഹസ്യമായി വിറ്റയച്ച ശേഷം ഉടമകൾ വിദേശത്തേക്ക് കടന്നുകളഞ്ഞു.