തിരുവനന്തപുരം: കേരള പൊലീസ് വാടകയ്ക്കെടുത്ത ഹെലികോപ്ടറിന്റെ ആദ്യപറക്കൽ അവയവദാനത്തിന്. തിരുവനന്തപുരത്തെ ആശുപത്രിയിൽ വച്ച് മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ഹൃദയമാണ് കൊച്ചിയിലെത്തിക്കുന്നത്. ഉച്ചയോടെ യാത്ര നിശ്ചയിച്ചിരിക്കുന്നത്.
ഇന്ന് രാവിലെ ഏഴ് മണിയോടെ കൊച്ചി ലിസി ആശുപത്രിയിൽ നിന്ന് ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ മസ്തിഷ്‌ക മരണം സംഭവിച്ച 50 വയസുള്ള സ്ത്രീയുടെ ഹൃദയവുമായി ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെ കൊച്ചിയിലേക്ക് ഹെലികോപ്ടർ യാത്രതിരിക്കും.
ഉച്ചയോടെ എറണാകുളം ഗ്രാന്റ് ഹയാത്തിലെ ഹെലിപാഡിലായിരിക്കും ഹെലികോപ്ടർ പറന്നിറങ്ങുക. പിന്നീട് ഗ്രീൻ കോറിഡോർ സജ്ജീകരിച്ച് നാല് മിനിറ്റിനുള്ളിൽ പ്രത്യേക ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കും. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖ്‌റെയാണ് ഇക്കാര്യം അറിയച്ചത്. ഹെലികോപ്ടർ ബോൾഗാട്ടിയിലെ ഗ്രാന്റ് ഹയാത്തിൽ എത്തിയാൽ പിന്നെ ഈ വഴിയുള്ള ഗാതാഗതം അല്പസമയത്തേക്ക് നിരോധിക്കുകയാകും ചെയ്യുക.
പൊലീസിന്റെ മേൽനോട്ടം ഇവിടെ ഉണ്ടാകും. ആശുപത്രിയിലും പൊലീസ് ഉണ്ടായിരിക്കും. സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്ടറാണ് എയർ ആംബുലൻലസായി ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്ടർ ഉപയോഗിക്കുന്നത്.
ഇക്കഴിഞ്ഞ മാർച്ചിൽ ഹെലികോപ്ടർ വാടകയ്ക്കെടുക്കാൻ ഒന്നരക്കോടി രൂപ സർക്കാർ ട്രഷറിയിൽ നിന്ന് കൈമാറിയത് വൻവിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. പ്രതിമാസം ഇരുപതുമണിക്കൂർ ഹെലികോപ്ടർ ഉപയോഗിക്കാൻ അനുമതിയുള്ളത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പവൻഹൻസ് എന്ന കമ്പനിയിൽ നിന്നാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്. നക്‌സൽ വിരുദ്ധ പ്രവർത്തനങ്ങൾക്കും പ്രകൃതിക്ഷോഭ സമയത്തെ ആവശ്യങ്ങൾക്കും ഹെലികോപ്റ്റർ പ്രയോജനപ്പെടുത്താനാണ് തീരുമാനം. അടിയന്തിര ഘട്ടങ്ങളിൽ മുഖ്യമന്ത്രിയുടെ യാത്രയ്ക്കായും നൽകും.