തിരുവനന്തപുരം : തീവ്ര കൊവിഡ് ബാധിത പ്രദേശമായ തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ നിന്ന് സംസ്ഥാനത്തെത്തി ക്വാറന്റൈൻ നിർദേശങ്ങൾ പാലിക്കാതെ മുങ്ങിയ വിദ്യാർത്ഥികളെ തേടി പൊലീസിറങ്ങി. കോട്ടയം, എറണാകുളം,തൃശൂർ,മലപ്പുറം ജില്ലകളിലുള്ള വിദ്യാർത്ഥി സംഘത്തെ തേടിപിടിച്ച് ക്വാറന്റൈനിലാക്കാനാണ് ആരോഗ്യപ്രവർത്തകർ പൊലീസിന്റെ സഹായം തേടിയത്.
തിരുവള്ളൂർ ജില്ലയിൽ നിന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്കെത്തിയ 117 പേരിൽ നാലുപേരൊഴികെയുള്ളവരാണ് ക്വാറന്റൈൻ നിർദേശങ്ങൾ പാലിക്കാൻ വിസമ്മതിച്ചത്. ഇവരിൽ ആരോഗ്യപ്രവർത്തകരെ ബന്ധപ്പെട്ട നാലുപേരെ കോട്ടയം ജില്ലയിലെ പാമ്പാടി പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റുള്ളവരെപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് ഇവരാരും ക്വാറന്റൈൻ കേന്ദ്രങ്ങളിലില്ലെന്ന് വ്യക്തമായത്. പാലക്കാട് വാളയാർ ചെക്ക് പോസ്റ്റ് വഴിയാണ് കഴിഞ്ഞ ദിവസം ഇവർ കൂട്ടമായി കേരളത്തിലേക്ക് എത്തിയത്.. സർക്കാരിന്റെ ക്വാറന്റൈൻ നിർദേശങ്ങൾ കർശനമായി പാലിക്കാമെന്ന ഉറപ്പിലാണ് ഇവർ നാട്ടിലെത്തിയതെങ്കിലും രണ്ട് ദിവസം പിന്നിട്ടിട്ടും ഇവരാരും ക്വാറന്റൈൻ കേന്ദ്രങ്ങളിലെത്താത്തത് കൊവിഡ് നിയന്ത്രണവിധേയമായ സംസ്ഥാനത്ത് വീണ്ടും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. പാമ്പാടിയിൽ ക്വാറന്റൈൻ കേന്ദ്രത്തിലായ വിദ്യാർത്ഥികളിൽ നിന്നും വാളയാർ ചെക്ക് പോസ്റ്റിലെ രേഖകളിൽ നിന്നും ഇവരുടെ മേൽവിലാസങ്ങൾ ശേഖരിച്ച ആരോഗ്യ വകുപ്പ് പൊലീസ് സഹായത്തോടെ ഇവരെ കണ്ടെത്താനുളള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
തമിഴ്നാട്ടിലെ കൊവിഡ് ബാധിത പ്രദേശങ്ങളിൽ റെഡ്സോണിൽപ്പെട്ട പ്രദേശമാണ് തിരുവള്ളൂർ. 270 രോഗികളുള്ള ഇവിടെ ഇന്നലെ മാത്രം 75 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത്തരത്തിൽ അതിതീവ്ര മേഖലയിൽ നിന്നെത്തിയ വിദ്യാർത്ഥികളും അവരുടെ വീട്ടുകാരും സംഭവത്തിന്റെ ഗൗരവം മനസിലാക്കാതെ പ്രവർത്തിച്ചത് സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകരെയാകെ ആശങ്കയിലാക്കിയിരിക്കുകയാണ്. ക്വാറന്റൈൻ നിർദേശങ്ങൾ പാലിക്കാതെ വിദ്യാർത്ഥികൾ കൂട്ടത്തോടെ മുങ്ങിയത് വാർത്തയായതോടെ പൊലീസ് സഹായത്തോടെ ഇവരെ എത്രയും പെട്ടെന്ന് ക്വാറന്റൈനിലാക്കാൻ ജില്ലാകളക്ടർമാരുടെയും പൊലീസ് മേധാവിമാരുടെയും നേതൃത്വത്തിൽ ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്.