ഷില്ലോങ്: മേഘാലയയിൽ വിഷക്കൂൺ കഴിച്ച് ഒരു കുടുംബത്തിലെ ആറു പേർ മരിച്ചു.
കൂണിൽ നിന്നുള്ള വിഷബാധയേറ്റാണ് മരിച്ചത്. കാട്ടിൽ നിന്നു ശേഖരിച്ച കൂൺ ഇവർ പാചകം ചെയ്ത് കഴിക്കുകയായിരുന്നു. വെസ്റ്റ് ജയിന്റിയ ഹിൽസ് ജില്ലയിലാണ് സംഭവം. അമാനിറ്റ ഫലോയ്ഡ്സ് എന്ന വിഷക്കൂണാണ് കഴിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്. നേരിട്ട് കരളിനെ ബാധിക്കുന്നതാണ് ഇതിലെ വിഷാംശമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
ഇവരുടെ കുടുംബാംഗങ്ങളായ പതിനെട്ടു പേർക്കു കൂടി വിഷക്കൂൺ കഴിച്ച് അസ്വസ്ഥതകളുണ്ടായി. തലകറക്കം, ഛർദ്ദി എന്നിവ അനുഭവപ്പെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യഥാർത്ഥ കൂൺ എന്ന് കരുതി കാട്ടിലെ വിഷക്കൂൺ കഴിക്കുന്നത് ഇവിടെ ചിലരിൽ പതിവാണ്. ഡെത്ത് ക്യാപ്പ് എന്നാണ് വിഷക്കൂണിനെ അറിയപ്പെടുന്നത്. ഇത് അറിയാവുന്നവരാരും കഴിക്കാറില്ല. ഒറിജിനൽ കൂൺ തന്നെയാണിതെന്ന് തെറ്റിദ്ധരിച്ചാണ് പതിനാല് വയസുളള പെൺകുട്ടിയടക്കം കഴിച്ചത്.