കണ്ണൂർ: കൊവിഡ് 19 ബാധിതരായ അഞ്ച് പേർ കൂടി രോഗത്തെ തോൽപ്പിച്ച് കയറിയാൽ കണ്ണൂർ ജില്ല പൂർണ്ണമായും രോഗ വിമുക്തമാകും. ആരോഗ്യ പ്രവർത്തകരും പൊലീസും ഇതര സർക്കാർ ജീവനക്കാരും കർശന ജാഗ്രതയോടെ ഇറങ്ങിയതും ജനങ്ങളുടെ സഹകരണവും കണ്ണൂരിനെ അതിവേഗത്തിൽ രോഗത്തെ പ്രതിരോധിക്കാൻ സഹായിച്ചു.
ഹോട്സ്പോട്ട് മേഖലയിലെ കനത്ത ജാഗ്രതയാണ് ജില്ലയിൽ രോഗത്തെ അതിജീവിക്കാൻ സഹായിച്ചത്. ഏറ്റവും ഒടുവിൽ ഇന്നലെ ജില്ലയിലെ പത്തുപേരുടെ ഫലം നെഗറ്റീവായിരുന്നു. വൈറസ് ബാധ സംശയിച്ച് ജില്ലയിൽ 197 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 50 പേർ ആശുപത്രിയിലും 147 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 33 പേരും കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ 15 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ രണ്ടുപേരുമാണ് നിരീക്ഷണത്തിലുള്ളത്.
കണ്ണൂർ ജില്ലാ ആശുപത്രിയിലെ രോഗികൾ എല്ലാവരും ഡിസ്ചാർജ് ആയി. ഇതുവരെ 4252 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 4139 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 3905 എണ്ണം നെഗറ്റീവാണ്. 113 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടർ പരിശോധനയിൽ 127 എണ്ണമാണ് പൊസിറ്റീവായത്.
രാജ്യത്ത് കൊവിഡ്-19 സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് നൂറ്റൊന്ന് ദിനമായിട്ടുണ്ട്. ജനുവരി 30ന് വിദേശത്ത് നിന്നും കേരളത്തിൽ വന്ന വിദ്യാർത്ഥിക്കാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. മാർച്ച് ആദ്യ വാരമാണ് കേരളത്തിൽ കൊവിഡിന്റെ രണ്ടാം വരവുണ്ടായത്. ഏറെ പരിശ്രമിച്ചാണ് രോഗത്തെ നിയന്ത്രിക്കാനായത്. പരിധിവിട്ട ആത്മവിശ്വാസവും ജാഗ്രതക്കുറവുമാണ് പ്രതിസന്ധിയായത്.