കോഴിക്കോട്: നാട്ടിലെത്തുന്ന പ്രവാസികൾക്കായി സംസ്ഥാന സർക്കാർ സൗകര്യങ്ങൾ ഒന്നും ഒരുക്കയിട്ടില്ലെന്ന ആരോപണവുമായി കെ.മുരളീധരൻ എം.പി. പ്രവാസികൾ എത്താൻ തുടങ്ങിയതോടെ അവരെ പാർപ്പിക്കാൻ പോലും സൗകര്യമില്ലെന്നു പറഞ്ഞ മുരളീധരൻ കൊവിഡ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നത് റിയാലിറ്റി ഷോ ആണെന്നും ഇത് പ്രതിപക്ഷത്തെ അധിക്ഷേപിക്കാൻ മാത്രമാണെന്നും കുറ്റപ്പെടുത്തി.
ഗൾഫിൽ നിന്ന് മലയാളികളെ കൊണ്ടുവരാൻ കഴിഞ്ഞത് എല്ലാവരുടേയും ശ്രമം കൊണ്ടാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എപ്പോൾ മലയാളികളെ നാട്ടിൽ എത്തിക്കാൻ കഴിയും എന്ന് സർക്കാർ വ്യക്തമാക്കണം. സർക്കാറിന് കഴിയില്ലെങ്കിൽ അവരെ സ്വന്തം പണം ഉപയോഗിച്ച് കോൺഗ്രസ് നാട്ടിലെത്തിക്കും.
ഇതിന് മുഖ്യമന്ത്രി അനുമതി നൽകിയാൽ മാത്രം മതി. പ്രവാസികളേയും ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരുടേയും എണ്ണത്തിൽ സംസ്ഥാനത്തിന് അവ്യക്തതയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് മലയാളികളെ എങ്ങിനെ എത്തിക്കും എന്നതിൽ സംസ്ഥാന സർക്കാറിന് സർവത്ര ആശയ കുഴപ്പമാണ്. കൊവിഡ് മരണം മറച്ചുവയ്ക്കാനാണ് സർക്കാരിന്റെ ശ്രമം-കെ മുരളീധരൻ പറഞ്ഞു.