canterville-ghoas

ലോക്ക്ഡൗൺ കാലത്ത് ഓൺലെെൻ വിദ്യാഭ്യാസത്തിന്റെ സാദ്ധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ഒട്ടുമിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും. എന്നാൽ കൊച്ചുകുട്ടികളുടെ ശ്രദ്ധ തിരിഞ്ഞു പോകാതെ കമ്പ്യ‌ൂട്ട‌ർ സിസ്റ്റത്തിന് മുമ്പിൽ പിടിച്ചിരുത്തുക എന്നത് ഒരു വലിയ വെല്ലുവിളി തന്നെയാണ്. ഇതിനൊരു പരിഹാ‌രമെന്നോണം ടെക്നോ പാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടൂൺസ് മീഡിയ ഗ്രൂപ്പ് ഓസ്കാർ വെെൽഡിന്റെ ലോക പ്രശസ്ത കൃതിയായ ' കാന്റർവില്ലെ ഗോസ്റ്റിന്റെ' ആദ്യത്തെ അനിമേറ്റഡ് അഡാപ്റ്റേഷൻ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. ടൂൺസിനോടൊപ്പം സ്പേസ് ഏജ് ഫിലിംസും, ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പറൗട്ട് പിക്ച്ചേഴ്സുമാണ് സഹ നിർമ്മാതാക്കൾ.

ഫീച്ചർ ഫിലിമിന്റെ ആനിമേഷൻ നിർമ്മാണം ഇന്ത്യയിലെ സ്റ്റുഡിയോകളിൽ നടക്കും. യു.കെ, അയർലൻഡ് ആനിമേഷൻ സ്റ്റുഡിയോകൾ നിർമ്മാണം ഏറ്റെടുക്കും. കിം ബർഡനാണ് സംവിധാനം ചെയ്യുന്നത്. അമേരിക്കൻ സിനിമാ നിർമ്മാതാക്കളായ സിനിമാ ഡിസ്ട്രിബൂട്ടേഴ്സ് ഗ്രൂപ്പ് സി.എം.ജിയ്ക്ക് ആണ് സിനിമയുടെ ലോകമെമ്പാടുമുള്ള വിതരണാവകാശം.

300 വർഷത്തിലേറെയായി തന്റെ പൂർവ്വിക ഭവനമായ കാന്റർ‌വില്ലെ ചേസിനെ വേട്ടയാടുകയും അത് ആസ്വദിക്കുകയും ചെയ്യുന്ന സർസൈമൺ എന്ന പ്രേതത്തെക്കുറിച്ചാണ് ഓസ്‌കാർ വൈൽഡ്, ദി കാന്റർവില്ലെ ഗോസ്റ്റ് എന്ന കൃതിയിൽ പറയുന്നത്. ഒരു അമേരിക്കൻ കുടുംബം എസ്റ്റേറ്റ് വാങ്ങി താമസമാകുമ്പോൾ എല്ലാം മാറി മറിയുന്നു. അമേരിക്കൻ കുടുംബം സർ സൈമണിനെ ഭയപ്പെടുന്നില്ലെന്ന് മാത്രമല്ല അയാളെ ഒരു ശല്യക്കാരനായി കരുതുന്നു. വളരെ ഊഷ്മളവും, മനോഹരവും, നർമ്മ പ്രധാനവുമായ കഥ കുട്ടികൾക്ക് വളരെ പ്രീയങ്കരമാണ്. അമേരിക്കൻ ഐക്യനാടുകൾ, കാനഡ, ഫ്രാൻസ്, ഇറ്റലി, ഇന്ത്യ, ചെക്ക് റിപ്പബ്ലിക് തുടങ്ങി നിരവധി രാജ്യങ്ങളിലെ ഇംഗ്ലീഷ് ഭാഷാ പാഠ്യപദ്ധതിയുടെ ഭാഗമാണ് വൈൽഡിന്റെ കഥ.

“ഈ സിനിമയിൽ നിലവിലുള്ള ടീമിനൊപ്പം പ്രവർത്തിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. നിർമ്മാതാവ് റോബർട്ട് ചാൻഡലർ ഏറ്റവും മികച്ച പ്രതിഭകളെയാണ് ഈ പ്രോജക്ടിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ആനിമേഷൻ സ്റ്റുഡിയോകളിലൊന്നായ ടൂൺസ് ഈ പ്രോജക്റ്റിലേക്ക് 20 വർഷത്തെ ആനിമേഷൻ അനുഭവ സമ്പത്ത് നൽകാൻ കഴിയുന്നതിൽ സന്തുഷ്ടരാണ്. ഇന്ത്യയിൽ നിന്നുള്ള നൂറുകണക്കിന് വിദഗ്ധ ആനിമേറ്റർമാരും, അയർലണ്ടിലും യുകെയിലുമുള്ള ഒരു പ്രഗൽഭ-പോസ്റ്റ് ടീമും ഈ പ്രോജക്ടിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്.'- ടൂൺസ് മീഡിയ ഗ്രൂപ്പിന്റെ സി.ഇ.ഒ പി. ജയകുമാർ പറഞ്ഞു.

“ഉയർന്ന നിലവാരമുള്ള ആനിമേറ്റഡ് സാങ്കേതിക വിദ്യയാണ് ടോൺസ് നൽകുന്നത്. കാന്റർ‌വില്ലെ ചിത്രം 2021ൽ റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. സി‌എം‌ജി ഇതിനോടകം തന്നെ യൂറോപ്പ്, റഷ്യ, പോളണ്ട്, മിഡിൽ ഈസ്റ്റ്, ഇസ്രായേൽ എന്നിവയുൾപ്പെടെ നിരവധി കിഴക്കൻ യൂറോപ്യൻ പ്രദേശങ്ങളിൽ സിനിമ മുൻകൂട്ടി വിറ്റു കഴിഞ്ഞു'- ടൂൺസുമായുള്ള കരാർ ഉറപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഡുബിൻമീഡിയയുടെ നിർമ്മാതാവ് ക്രിസ്റ്റീന ഡുബിനൊപ്പം സിനിമാ മാനേജ്‌മെന്റ് ഗ്രൂപ്പ് പ്രസിഡന്റ് എഡ്വേർഡ് നോയൽനർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.