ടാൻസാനിയ: ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് പടിക്ക് പുറത്ത്! കൊവിഡ് പ്രതിരോധ മരുന്നെന്ന് അവകാശപ്പെടുന്ന ഔഷധ മരുന്ന് ഇറക്കുമതി ചെയ്ത് ടാൻസാനിയ. മരുന്നെത്തിയതായി ടാൻസാനിയൻ വക്താവ് ഹസൻ അബാസ് അറിയിച്ചു. മഡഗാസ്‌ക്കറിൽ നിന്നാണ് ഈ മരുന്ന് ഇറക്കുമതി ചെയ്തിരിക്കുന്നത്. കൊവിഡിനെ പ്രതിരോധിക്കാൻ സാധിക്കുന്ന ഔഷധ മരുന്ന് കൊവിഡ് ഓർഗാനിക് എന്ന പേരിൽ തയ്യാറാക്കിയിട്ടുണ്ടെന്നാണ് മഡഗാസ്‌ക്കറിന്റെ വാദം.
എന്നാൽ ഈ വാദത്തിന് ശാസ്ത്രീയമായ ഒരു ഉറപ്പുമില്ല. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതുകൊണ്ട് മരുന്നിന് അംഗീകാരം നൽകാൻ കഴിയില്ല എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയതാണ്. ഈ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ടാണ് ടാൻസാനിയയിലേക്ക് മരുന്ന് ഇറക്കുമതി ചെയ്തതിരിക്കുന്നത്.
മഡഗാസ്‌കറിലെ പരമ്പരാഗത ഔഷധ സസ്യങ്ങളിൽ കഴിഞ്ഞ 30 വർഷങ്ങളായി ഗവേഷണങ്ങൾ നടത്തുന്ന മലഗാസി ഇൻസ്റ്റിറ്റിയൂട്ട് ഒഫ് അപ്ലൈഡ് റിസേർച്ച് എന്ന സ്വകാര്യ സ്ഥാപനമാണ് ' കൊവിഡ് ഓർഗാനിക്‌സ് ' എന്ന ഈ മരുന്ന് നിർമിച്ചത്. ഔഷധച്ചെടിയായ ആർടെമിസിയയിൽ നിന്നാണ് ഈ മരുന്നുണ്ടാക്കിയിരിക്കുന്നതെന്നാണ് നിർമാതാക്കൾ പറയുന്നത്. കൊവിഡ് ഓർഗാനിക്‌സ് ചരിത്രം തിരുത്തുമെന്നാണ് മഡഗാസ്‌കറിന്റെ പ്രസിഡന്റായ ആൻഡ്രി രജോലിന നേരത്തെ പറഞ്ഞത്. മരുന്ന് കൊവിഡ് രോഗികളിൽ പരീക്ഷിച്ചതായും രണ്ട് പേർക്ക് രോഗം ഭേദമായതായും രജോലിന പറഞ്ഞു.
കൂടാതെ പൊതുവേദിയിൽ ഈ മരുന്ന് കുടിച്ചു കാണിക്കുകയും ചെയ്തു രജോലിന. പാവപ്പെട്ടവർക്കും സ്‌കൂൾ വിദ്യാർത്ഥികൾക്കും ഈ മരുന്ന് സൗജന്യമായി നൽകുന്നുണ്ട്. ടാൻസാനിയയ്ക്ക് പുറമേ ഇക്വട്ടോറിയ. ആഫ്രിക്കൻ റിപ്പബ്ലിക്, കോംഗോ, ലിബിയ തുടങ്ങി നിരവധി ആഫ്രിക്കൻ രാജ്യങ്ങളും മഡഗാസ്‌കറിന്റെ അത്ഭുതമരുന്നിന് ആവശ്യക്കാരായി എത്തിയിട്ടുണ്ട്. പലരാജ്യങ്ങളിലേക്കും മരുന്ന് കയറ്റി അയച്ചുകൊണ്ടിരിക്കുകയാണ്.