ലോക്ക് ഡൗൺ കഴിഞ്ഞ് പഴയ രീതിയിലേക്ക് മാറുമ്പോൾ നിരവധി മാറ്റങ്ങളാവും ലോകത്ത് കാണാനാവുക. ആൾക്കാർ വീണ്ടും പൊതുസ്ഥലങ്ങളിൽ ഒത്തുകൂടുമ്പോഴുണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ മുന്നിൽ കണ്ടാണ് ഓരോ സ്ഥാപനങ്ങളും തുറക്കുന്നത്. അങ്ങനെ മുൻകരുതലിന്റെ ഭാഗമായി ഡൈനിംഗ് ഗ്ലാസ് ബൂത്തുകൾ എന്ന ആശയവുമായി എത്തിയിരിക്കുകയാണ് ഒരു റസ്റ്രോറന്റ്.
സാമൂഹിക അകലം പാലിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ റെസ്റ്രോറന്റ് സജ്ജീകരിച്ചിരിക്കുന്നത്. ഒന്നോ രണ്ടോ പേർക്കിരിക്കാവുന്ന ഗ്ലാസ് ക്യാബിനുകളാണ് ഇവിടെ കാണാൻ കഴിയുക. നെതർലാന്റ്‌സിലെ മീഡിയമാറ്റിക് ഇ.ടി.ഇ.എൻ റെസ്റ്റോറന്റാണ് പുതിയ പരീക്ഷണവുമായി രംഗത്തു വന്നിരിക്കുന്നത്.
ഗ്ലാസ് ക്യാബിനുള്ളിൽ ആസ്വദിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ഒപ്പം കൊവിഡിൽ നിന്ന് രക്ഷനേടാൻ സാധിക്കുകയും ചെയ്യും എന്നതാണ് പ്രത്യേകത. വീട്ടിലിരിക്കുന്ന പ്രതീതിയോടെ ക്യാബിനുള്ളിൽ പ്രിയപ്പെട്ട ആളോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കാം. സുഹൃത്തുക്കളെയും പ്രിയപ്പെട്ടവരെയുമൊക്കെ നാളുകൾക്ക് ശേഷം കണ്ടുമുട്ടുമ്പോൾ ഇങ്ങനെയുള്ള ഒരു ഗ്ലാസ് ക്യാബിൻ അതിന് വേദിയൊരുങ്ങുക എന്നത് മനോഹരമായ കാര്യമാണ്.
പുതിയ ആശയത്തിന്റെ പരീക്ഷണത്തിലാണ് റസ്റ്റോറന്റ് ഉടമകൾ. ഗ്ലാസ് ക്യാബിൻ എങ്ങനെ അണുമുക്തമാക്കാൻ കഴിയും എന്നതടക്കമുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സുരക്ഷിതവും സുഖകരവുമായ ഒരു റസ്റ്റോറന്റ് അനുഭവമാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്. മേയ് 19 വരെ ഹോട്ടലുകളും റസ്റ്റോറന്റുകളും അടഞ്ഞു കിടക്കും. അതിന് ശേഷം തുറക്കുമ്പോഴാണ് പുതിയ പരിഷ്‌കാരങ്ങൾ വരുത്തുക.