സിനിമ പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് കാജോളും അജയ് ദേവ്‌ഗണും. കഴിഞ്ഞ ദിവസം കാജോളിനൊപ്പമുള്ള ഒരു പഴയകാല ചിത്രം അജയ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇതിന് അജയ് നല്‍കിയ അടിക്കുറിപ്പ് ഇങ്ങനെയാണ്: 'എന്റെ ലോക്ക്ഡൗൺ ആരംഭിച്ചിട്ട് 22 വർഷമായതു പോലെ തോന്നുന്നു,' എന്നായിരുന്നു അത്. ചിത്രത്തിൽ കജോളിനെ ടാഗ് ചെയ്തിട്ടുമുണ്ട്.
കാജോളും അജയ് ദേവ്ഗണും ഹൽചുൽ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് കണ്ടുമുട്ടുന്നത്. പിന്നീട് 1999ൽ വിവാഹിതരായി. ഗുണ്ടാരാജ്, ഇഷ്ക്, ദിൽ ക്യാ കരേ, രാജു ചാച്ച, പ്യാർ തോ ഹോനാ ഹായ് ത, തൻഹാജി: ദി അൺസംഗ് വാരിയർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചു.
ഇരുവർക്കും രണ്ട് മക്കളാണ്, നൈസ, യുഗ്. അജയ് ദേവഗണിന്റെ കുടുംബം ഈ കൊവിഡ്കാലത്ത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. സിംഗപ്പൂരിലായിരുന്ന മകളെ നാട്ടിലേക്ക് മടക്കികൊണ്ടുപോകാൻ കജോൾ പോയതോടെയായിരുന്നു ഇത്. നടിക്കും മകൾക്കും കൊവിഡാണെന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു. ഇതോടെ അജയ് ദേവ്ഗണിന് സോഷ്യൽമീഡിയയിലൂടെ വിശദീകരണവുമായി എത്തേണ്ടിവന്നു.